എറണാകുളം: വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ യുവതലമുറയിൽ അടിയുറച്ച ദേശീയ ബോധം ഉണ്ടാകേണ്ടത് രാഷ്ട്ര പുരോഗതിക്ക് അനിവാര്യമാണെന്നും അത്തരത്തിൽ ദേശീയ ബോധമുള്ള ഒരു തലമുറയിൽ നിന്നു മാത്രമേ കാര്യക്ഷമമായ സിവിൽ സർവ്വീസ് സാധ്യമാവുകയുള്ളൂ എന്നും സിവിൽ സർവീസിന്റെ ശാക്തീകരണത്തിൽ വനിതകൾക്ക് നിർണായക പങ്കുവഹിക്കാൻ ഉണ്ടെന്നും JNU വൈസ് ചാൻസലർ ഡോ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു. രാജ്യം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി കുതിക്കുമ്പോൾ കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്തു തൊഴിലില്ലായ്മ രൂക്ഷമാണെന്നും സമർത്ഥരായ വിദ്യാർഥികൾ കേരളം ഉപേക്ഷിച്ചു ഉപജീവനമാർഗ്ഗം തേടി അന്യരാജ്യങ്ങളിലേക്ക് ചേക്കേറുന്ന അതിദയനീയ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് എന്നും അവർ ആരോപിച്ചു.കേരള എൻ ജി ഒ സംഘ് സംസ്ഥാന വനിതാ കൺവൻഷൻ എറണാകുളത്ത് ബി.എം.എസ്. തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ . വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി ആര്യ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിഎംഎസ് ദേശീയ നിർവാഹക സമിതി അംഗം സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ. രമേശ്, സംസ്ഥാന ജനറൽ സെക്രട്ടറി എ. പ്രകാശ് , ബി. എം. എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആശാമോൾ , വൈസ് പ്രസിഡൻ്റ് അനിതാ രവീന്ദ്രൻ , വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അശ്വതി, കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.വി. ശ്രീകല , ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി ബിന്ദു ടീച്ചർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് “യോഗ ശീലമാക്കൂ , മാനസിക ആരോഗ്യം നിലനിർത്തൂ ” എന്ന വിഷയത്തിൽ സ്കൂൾ ഓഫ് യോഗയിലെ നിഷാറാണി ടീച്ചറും സൈബർ ഇടങ്ങളിലെ സ്ത്രീ ശാക്തീകരണം – സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിൽ മനോരമ ഓൺലൈൻ കണ്ടൻ്റ് റൈറ്റർ രതി നാരായണനും ക്ലാസ്സുകൾ എടുത്തു.
Discussion about this post