തൊടുപുഴ: പത്രാധിപര്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, രാജനൈതിക രംഗത്തെ സംഘാടകന്‍, ആര്‍എസ്എസ് പ്രചാരകന്‍, ഭാഷാപണ്ഡിതന്‍ തുടങ്ങി മേഖലകളിലൂടെ പ്രശസ്തനായ ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി. നാരായണന്റെ നവതി ആഘോഷങ്ങള്‍ക്ക് 25ന് തൊടുപുഴയില്‍ തുടക്കമാകും.
ഇടുക്കി ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക്തുടക്കം കുറിച്ച അദ്ദേഹത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് വിവിധക്ഷേത്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
പൊതുപ്രവര്‍ത്തന രംഗത്ത് ഏഴു പതിറ്റാണ്ട് പിന്നിടുകയും വ്യക്തിജീവിതത്തില്‍ നവതിയിലേക്ക് കടക്കുകയും ചെയ്യുന്ന നാരായണ്‍ജിയെ ആദരിക്കാന്‍ 25 ന് വൈകിട്ട് 5 മണി മുതല്‍ തൊടുപുഴ ഇടയ്ക്കാട്ടുകയറ്റം ജോഷ് പവലിയനില്‍ സംഘപഥത്തിലെ നാരായണം എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യാ മുഖ്യ പ്രഭാഷണം നടത്തും. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിക്കും. മുന്‍ ഡിജിപി ജേക്കബ് തോമസ്, രാഷ്ട്രീയ നീരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ബിജെപി. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. രാമന്‍ പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും പി. നാരായണന്‍ മറുപടി പ്രസംഗം നടത്തും. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ പ്രൊഫ. പി.ജി. ഹരിദാസ് സ്വാഗതവും നവതി ആഘോഷ സമിതി സംയോജകന്‍ എ. സന്തോഷ് ബാബു നന്ദിയും പറയും.
പി.നാരായണന്‍ രചിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന സംഘപഥത്തിലൂടെ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പബ്ലിക്കേഷന്‍ ഉദ്ഘാടനവും പി. നാരായണന്‍ പരിഭാഷപ്പെടുത്തിയ മധുശ്രീ മുഖര്‍ജിയുടെ ബ്രിട്ടീഷ് ഇന്ത്യ – ഇരുണ്ടകാലം എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. നാരായണ്‍ജി രചിക്കുകയും തര്‍ജ്ജമ ചെയ്യുകയും ചെയ്ത പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും അദ്ദേഹത്തെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും കലാനിശയും സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും.
Discussion about this post