തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ദേശീയ സേവാഭാരതി. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറായിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് വിജയഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍ എന്നിവര്‍ അറിയിച്ചു.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, സേവാഭാരതിയുടെ തലചായ്‌ക്കാനൊരിടം പദ്ധതി വഴി, സമാജത്തിന്റെ സഹായത്തോടെ പുതിയ വീടുകള്‍ നിര്‍മിച്ച് നല്‍കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പുനരധിവാസ പദ്ധതിക്കും, താമസയോഗ്യമായ സ്ഥല ലഭ്യതക്കും, വീടുകള്‍ നഷ്ടപ്പെട്ടവരുടെ താല്പര്യങ്ങള്‍ക്കും അനുസരിച്ചാവും പദ്ധതി നടപ്പാക്കുക. ഇതിന് സേവാഭാരതിയുടെ ‘ഭൂദാനം ശ്രേഷ്ഠദാനം’ പദ്ധതിയിലേക്ക് സ്ഥലം നല്‍കാന്‍, വയനാട്ടില്‍ ഭൂമിയുള്ള സുമനസുകളായ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും അവര്‍ അഭ്യര്‍ത്ഥിച്ചു.
ദുരന്തത്തില്‍ ബന്ധുക്കളെയും വീടും സ്വത്തും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങളും സ്‌കോളര്‍ഷിപ്പും നല്‍കും. മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് സേവാഭാരതിയുടെ ബാല, ബാലികാ സദനങ്ങളില്‍ താമസവും ഒരുക്കും. ദുരന്തത്തിന് ഇരയായവരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വയനാട്ടില്‍ സ്ഥിരം പുനര്‍ജ്ജനി കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കും. 2018 ലെ പ്രളയാനന്തരവും, കൊവിഡ് കാലത്തും എല്ലാ ജില്ലകളിലും സംവിധാനം നടപ്പാക്കിയിരുന്നു.
ശാശ്വത പരിഹാരം ആകുന്നതുവരെ ദുരന്തബാധിത പ്രദേശത്തു ശുദ്ധജലം അവിടെത്തന്നെ തയ്യാറാക്കാനുള്ള സംവിധാനം (മൊബൈല്‍, സ്ഥിരം ജലശുദ്ധീകരണികള്‍) ഒരുക്കും. ഭാവിയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കും. വരുമാനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ സംവിധാനങ്ങള്‍ നേടാന്‍ നൈപുണ്യ പരിശീലനം നല്‍കും.
Discussion about this post