തിരുവനന്തപുരം: രാഷ്‌ട്രത്തെക്കുറിച്ചുള്ള ഭാരതത്തിന്റെ പൗരാണിക കാഴ്ചപ്പാട് ഋഗ്വേദത്തില്‍ കാണാമെന്നും എന്നാല്‍ ഭാരതത്തെ രാഷ്‌ട്രമാക്കിയതും ജനാധിപത്യം സംഭാവന ചെയ്തതും അധിനിവേശ ശക്തികളാണെന്ന് നമ്മെ പഠിപ്പിച്ചുവെന്നും കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. കൈതമുക്ക് അനന്തപുരം ബാങ്ക് ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗര്‍ സംഘടിപ്പിച്ച അഖണ്ഡഭാരത സ്മൃതിദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ നാട് അമ്മയാണെന്നും നാമോാരുത്തരും മക്കളാണെന്നും ഋഗ്വേദം പറയുന്നു. എന്നാല്‍ കരുത്തന്‍ ദുര്‍ബലനെ ആക്രമിച്ച് കീഴടക്കിയതിന്റെ അവശിഷ്ടമാണ് വിദേശീയരുടെ രാഷ്‌ട്രസങ്കല്പം. ഇത് ഭാരത രാഷ്‌ട്രസങ്കല്പത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നിട്ടും അവരാണ് നമുക്ക് രാഷ്‌ട്രബോധം പകര്‍ന്നുതന്നതെന്ന് കേരളത്തിലുള്‍പ്പെടെ ഇന്നും പഠിപ്പിക്കുന്നു. ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം ഭാരതത്തിന്റെ ഐക്യത്തെയും രാഷ്‌ട്രസങ്കല്പത്തെയും ഊട്ടി ഉറപ്പിച്ചുവെന്നും എന്‍.ആര്‍. മധു പറഞ്ഞു. പത്മശ്രീ ഡോ. ജി. ശങ്കര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി. ഗിരീഷ്, ജില്ലാ സംഘചാലക് എം. മുരളി എന്നിവര്‍ പങ്കെടുത്തു.
Discussion about this post