ആറ്റിങ്ങൽ: ഭാരതീയ വിചാര കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ ചിങ്ങം 1 മലയാള ഭാഷാ ദിനമായി ആഘോഷിച്ചു. ആറ്റിങ്ങൽ വീരകേരള പുരം ക്ഷേത്ര ആഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ. കെ.കെ ഗീതാകുമാരി ഉദ്ഘാടനം ചെയ്‌തു. മലയാള ഭാഷയുടെ നാൾവഴികളെ കുറിച്ച് അവർ സസൂഷ്‌മം വിശദീകരിച്ചു ദ്രാവിഡ ഭാഷയുടെ ഉൽപ്പത്തിയും സംസ്‌കൃതം,തമിഴ് , മലയാളം ഭാഷകളുടെ ബന്ധവും അവർ വിശദീകരിച്ചു . ഭാഷ സംസ്ക്കാരത്തിൻറെ ഭാഗമാണന്നും, കേരളത്തിൻറെ സംസ്ക്കാരവും, മലയാള ഭാഷയുടെ മേന്മയും എല്ലാ നന്മകളെയും ഉൾകൊള്ളാൻ കഴിയുന്ന നല്ല മനസുള്ള ജനങ്ങളുടെ കൂട്ടായ്‌മയാണെന്നും പ്രൊ.കെ .കെ . ഗീതാകുമാരി പറഞ്ഞു .
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ . സഞ്ജയൻ അധ്യക്ഷനായിരുന്നു .ലോകത്തിൻറെ പലകോണുകളിലും അനേകം ഭാഷകൾ അപ്രത്യമായിട്ടുണ്ട് .ഭാഷയാണ് മനുഷ്യൻറെ ആശയവിനിമയ ഉപാധി .ഭാഷയിലൂടെയാണ് വ്യക്തികളിലേക്കും ,തലമുറകളിലേക്കും സംസ്ക്കാരം സംക്രമിക്കുന്നത് .ഒരു ജനതയുടെ സാംസ്ക്കാരിക സത്വവും ,ചരിത്രവും ,സാമൂഹിക ഐക്യവും ,മൂല്യബോധവും , പാരമ്പര്യ വിജ്ഞാനവും , കലയും ,സാഹിത്യവും എല്ലാം ഭാഷയിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത് .ഭാഷയും സംസ്ക്കാരവുമാണ് മനുഷ്യൻറെ മനുഷ്യത്വത്തെ പ്രകാശിപ്പിക്കുന്നത് .ഒരു ഭാഷ നാമാവശേഷമാകുമ്പോൾ ഒരുജനതയുടെ സാംസ്ക്കാരിക പൈതൃകം മൊത്തമായി തന്നെ ഇല്ലാതാവുകയാണ് . പത്താം ക്ലാസ് പാസായവർക്ക് പോലും മാതൃ ഭാഷ തെറ്റുകൂടാതെ എഴുതാൻ കഴിയാത്ത കാലമാണ് .ഉന്നത വിദ്യാഭ്യാസവും തകിടം മറിയുകയാണ് . ചിങ്ങം 1 മലയാള ഭാഷാ ദിനമായി ആഘോഷിക്കുന്നത് മലയാള ഭാഷയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പറഞ്ഞു .
മലയാള ഭാഷയുടെ ചരിത്ര വഴികൾ എന്നവിഷയത്തിൽ ഭാഷാ ശാസ്ത്ര വിദഗ്ദ്ധൻ ഡോ .നടുവട്ടം ഗോപാലകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി . രാഷ്ട്രീയ സ്വയംസേവക സംഘം ആറ്റിങ്ങൽ സംഘചാലക് അഡ്വ.ജി .സുശീലൻ ,ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം അധ്യക്ഷൻ ഡോ .കെ.വിജയകുമാരൻ നായർ ,സ്വാഗത സംഘം ചെയർമാൻ എസ് .സുരേഷ്‌കുമാർ ,ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സെക്രട്ടറി ആർ . ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു . തുടർന്ന് ഭാഷ -സംസ്‌കൃതി കാലം എന്നവിഷയത്തിൽ പ്രശസ്ത സാഹിത്യകാരനും ഭാഷാ വിദഗ്ദ്ധനുമായ എഴുമറ്റൂർ രാജ വർമ്മയും ,മലയാള ചലച്ചിത്ര ഗാനങ്ങൾ ഇന്നലെ ഇന്ന് എന്നവിഷയത്തിൽ സിനിമാ ഗാന നിരൂപകൻ ടി . പി . ശാസ്തമംഗലവും സംസാരിച്ചു .സാഹിത്യകാരൻ രജി ചന്ദ്ര ശേഖർ ,സംഗീത സംവിധായകൻ ദർശൻ രാമൻ എന്നിവർ അധ്യക്ഷന്മാരായി .തുടർന്ന് കവി സമ്മേളനവും നടന്നു .കവി സമ്മേളനം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഉണ്ണി അമ്മയമ്പലം ഉദ്ഘാടനം ചെയ്‌തു .എഴുത്തുകാരനും കവിയുമായ ജയൻ പോത്തൻ കോട് അധ്യക്ഷമായിരുന്നു .മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രൊ.കെ .കെ .ഗീതാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്‌തു .
Discussion about this post