തിരുവനന്തപുരം: ജന്മാഷ്ടമി ദിനത്തില്‍ ബാലഗോകുലം കേരളത്തില്‍ പതിനായിരം ശോഭായാത്രകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചു. വയനാട് ജില്ലയും മറ്റ് ദുരന്ത ബാധിത പ്രദേശങ്ങളും ഒഴിവാക്കിയാണ് ആഘോഷങ്ങള്‍. അവിടങ്ങളില്‍ നാമജപയാത്രയും പ്രാര്‍ത്ഥനയും സംഘടിപ്പിക്കും. മുഴുവന്‍ ആഘോഷങ്ങളിലും വയനാട് പുനരധിവാസത്തിന്റെ ഭാഗമായി സ്നേഹനിധി സമര്‍പ്പണം നടത്തും.പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘പുണ്യമീ മണ്ണ്; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.
വിവിധ ആഘോഷപരിപാടികളില്‍ കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ തിരുവന്തപുരത്തും സുരേഷ് ഗോപി തൃശ്ശൂരിലും ശോഭായാത്ര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍(തിരുവനന്തപുരം), മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ (കോട്ടയം), സിനിമാതാരം കോട്ടയം രമേശ് (കോട്ടയം), മുന്‍ ജിഎസ്ടി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഡോ.കെ.എന്‍. രാഘവന്‍ (എറണാകുളം), മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍(പാലക്കാട്), സിനിമാ താരം കവിതാ ബൈജു(മലപ്പുറം), സാമൂഹിക പ്രവര്‍ത്തക നസ്രത്ത് ജഹാന്‍ (കോഴിക്കോട്), കണ്ണൂര്‍ അമ്യതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി (കണ്ണൂര്‍) തുടങ്ങിയ പ്രമുഖര്‍ വിവിധ ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം. എ. കൃഷ്ണന്‍ കൊച്ചിയിലും സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പന്തളത്തും പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാര്‍ പാമ്പാടിയിലും പങ്കെടുക്കും.
Discussion about this post