കൊച്ചി: ഉപഭോക്താക്കള്‍ക്ക് ബോധവത്കരണം നല്‍കി അവരുടെ അവകാശ സംരക്ഷണം ലക്ഷ്യംവച്ചാണ് അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (എബിജിപി) പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ നാരായണ്‍ഭായ് ഷാ. ഉപഭോക്താക്കളെ രാജാവായി കണ്ട് അവരുടെ സംരക്ഷണമാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യം. പീഡിതരില്‍ പീഡിതര്‍ക്കായി നിലകൊള്ളുക എന്ന സ്വാമി വിവേകാനന്ദന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടാണ് സംഘടനയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.
അഖിലഭാരതീയ ഗ്രാഹക് പഞ്ചായത്ത് പ്രഥമ സംസ്ഥാന സമ്മേളനവും സുവര്‍ണ ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം മുന്നില്‍ക്കണ്ട് 1970ല്‍ മഹാരാഷ്ട്രയിലാണ് ഗ്രാഹക് പഞ്ചായത്ത് രൂപമെടുക്കുന്നത്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് അത് മുകള്‍ത്തട്ടിലേക്ക് എത്തിക്കുന്നതിനാണ് സംഘടന മുന്തിയ പരിഗണന നല്‍കുന്നത്. ശിപായി മുതല്‍ രാഷ്ട്രപതി വരെ ഉപഭോക്താക്കളാണ്. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുവഴി സമൂഹത്തെ മൊത്തം സംരക്ഷിക്കാനാകുമെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് സംഘടനയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ അറിവുള്ളവരാക്കുക, അവരുടെ അവകാശങ്ങള്‍ പറഞ്ഞ് നല്‍കുക, അവശ്യ സമയത്ത് മാനസികമായ പിന്തുണ നല്‍കുക എന്നിവയാണ് ഗ്രാഹക് പഞ്ചായത്ത് ചെയ്യുന്നത്. ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങളിലോ മറ്റെന്തെങ്കിലും സേവനങ്ങളിലോ പ്രശ്‌നമുണ്ടെങ്കില്‍ അത് ഏതുതരത്തില്‍ എവിടെ പരാതിയായി നല്‍കണം, എങ്ങനെ മുന്നോട്ട് പോകണം എന്നിവയില്‍ കൃത്യമായ നിര്‍ദേശം നല്‍കും. ഒപ്പം അവര്‍ക്ക് പരിശീലനങ്ങളും അറിവും നല്‍കി ഒരു വിഷയത്തില്‍ സ്വന്തം നിലയ്ക്ക് എങ്ങനെ ഇടപെടണമെന്ന് പഠിപ്പിക്കുകയാണ് ഗ്രാഹക് പഞ്ചായത്ത് ചെയ്തുവരുന്നതെന്നും നാരായണ്‍ഭായ് ഷാ പറഞ്ഞു.
എറണാകുളം ബിടിഎച്ചില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അധ്യക്ഷനായി. എബിജിപി സംസ്ഥാന സംയോജക് അഡ്വ. എസ്. ഷിബുകുമാര്‍, ദേശീയ ജോയിന്റ് സെക്രട്ടറി അഡ്വ. വിവേകാനന്ദന്‍, പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍. രാജശേഖരന്‍, സാമൂഹ്യ പ്രവര്‍ത്തക പദ്മജ എസ്. മേനോന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. പ്രകാശ് പാലാട്ട് മീത്തല്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രഭാഷണ സഭയില്‍ അഡ്വ. വിവേകാനന്ദന്‍ അധ്യക്ഷനായി. എബിജിപി ദേശീയ ജോയിന്റ് സെക്രട്ടറി ജയന്ത് കത്രിയ ഉപഭോക്ത്യ സംരക്ഷണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ശിവകുമാര്‍ മുത്താട്ട്, സുനിത് പൊഞ്ഞാടന്‍ എന്നിവര്‍ സംസാരിച്ചു.
പി. ഹരീഷ്‌കുമാര്‍ ഗ്രാഹക് പഞ്ചായത്ത് പ്രസിഡന്റ് ; ഷിബുകുമാര്‍ ജനറല്‍ സെക്രട്ടറി
കൊച്ചി: ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന അധ്യക്ഷനായി പി. ഹരീഷ്‌കുമാറിനെയും ജനറല്‍ സെക്രട്ടറിയായി അഡ്വ.എസ്. ഷിബുകുമാറിനെയും തെരഞ്ഞെടുത്തു. മുന് HDFC വൈസ് പ്രസിഡൻറ് അഡ്വ. ഉണ്ണിക്കൃഷ്ണപിള്ളയാണ് ട്രഷറര്‍. പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് സമിതിയും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി.
Discussion about this post