കോട്ടയം: മലയാള നാട്ടിലെ ഗാനങ്ങൾക്ക് പലതിനും ഓണം എന്ന ആശയവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് പ്രമുഖ ഗാന നിരൂപകനും ആലപ്പുഴ എസ് ഡി കോളജ് പ്രസറുമായ ഡോ. സജിത് ഏവൂരേത്ത് അഭിപ്രായപ്പെട്ടു. ഗാനാസ്വാദനം പദങ്ങളൂമായി ബന്ധപ്പെടിരിക്കുന്നു. കവികൾ ഓണത്തെ ഗാനങ്ങളിൽ കയറ്റുന്നത് ഗൃഹാതുരത്വം, പ്രണയം, വിരഹം, പ്രകൃതി, വിളവ്, ഐതിഹ്യം എന്നിങ്ങനെ ഏതു രൂപത്തിലുമാകാം. അങ്ങനെ ചിട്ടപ്പെടുത്തിയ പല ഗാനങ്ങളും ഓണപ്പാട്ടുകളാണ്.
കോട്ടയത്ത് നിർവൃതി സാംസ്കാരിക കേന്ദ്രം (ecstasy)നടത്തിയ ‘ ഓണ നിർവൃതി’ എന്ന ഓണാഘോഷ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഓണപ്പാട്ടു വഴിയോരം’ എന്ന പരിപാടിയിൽ ഓണം വരുന്ന ഗാനങ്ങൾ അദ്ദേഹം പഠിച്ച് അവതരിപ്പിച്ചു.
ഓണ യോഗം പ്രമുഖ സീനിയർ അഭിഭാഷകൻ അഡ്വ. രാജീവ് പി നായർ ഉദ്ഘാടനം ചെയ്തു. ശശികുമാർ പാമ്പാടി അദ്ധ്യക്ഷനായി. അഡ്വ. അനിൽ ഐക്കര, അഡ്വ. ലിജി എൽസ ജോൺ, സത്യൻ കൊട്ടാടിക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡസ്ക് കൊട്ടിപ്പാടി തരംഗമായ മോഹനൻ കുമരകം ടീമിൻ്റെ ഗാനാവലി നടന്നു.
പരിപാടിയിൽ അശോകൻ ളാക്കാട്ടൂർ എഴുതിയ ‘ബലാ ദിവ നിയോജിത’ എന്ന പുസ്തകം അഡ്വ.എസ്.ജയസൂര്യൻ ആദ്യ പ്രതി കോട്ടയത്തെ അഡീഷണൽ ഗവ. പ്ലീഡറും പബ്ളിക് പ്രോസികൂട്ടറുമായ അഡ്വ.മീര രാധാകൃഷ്ണന് നൽകിക്കൊണ്ട് പ്രകാശനം നടത്തി.
പ്രമുഖ പത്ര ഫോട്ടോഗ്രാഫറും അവാർഡ് ജേതാവുമായ മനു വിശ്വനാഥ്, എൽഎൽബി പരീക്ഷയിൽ റാങ്ക് നേടിയ ആലിയ യാസ്മിൻ, തിരുവാതിര കളിയെ യുവതലമുറയിലെത്തിക്കുന്ന ആശ സുരേഷ്, ഗാനശേഖരവുമായി വിസ്മയം തീർക്കുന്ന സത്യൻ കൊട്ടാടിക്കൽ എന്നിവരെ ചടങ്ങിൽ വിവിധ വ്യക്തികൾ ആദരിച്ചു. ഇന്ദു എൻ പിള്ള, രൂപേഷ് ചേരാനല്ലൂർ, രമ്യ നായർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ആശ സുരേഷ് നയിച്ച തിരുവാതിരയും ഉണ്ടായിരുന്നു. തിരുവാതിര കളിയിൽ സജീവമായിരിക്കുന്ന അംഗങ്ങളെ അഡ്വ. ബി അശോക് ആദരിച്ചു. ഗാന പരിപാടികൾ കോട്ടയം സുരേഷ് ഉദ്ഘാടനം ചെയ്തു.
വിവിധ തരം ചിത്രകലാ മത്സരങ്ങളിൽ ഒന്നാം സമ്മാനാർഹരായ അമൃത് ലാൽ, അഡ്വ. ബിനു കെ.ബി.,ദേവയാനി അനിൽ, അശ്വിൻ കെ അനിൽ, എന്നിവർക്കും മറ്റു മൽസര വിജയികൾക്കും അഡ്വ. രാജീവ് പി നായർ പുരസ്കാരങ്ങൾ നൽകി.
കഴിഞ്ഞ മൂന്ന് വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന സംഗീത ആസ്വാദന വിനോദ കേന്ദ്രമായ എക്സ്റ്റസിയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഡോ. സജിത് ഏവൂരേത്ത് കോട്ടയത്ത് എത്തുന്നത്: നിർവൃതിയുടെ ആഭിമുഖ്യത്തിൽ മുൻ വർഷം യേശുദാസിൻ്റെ ജന്മദിനം ആഘോഷിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post