തിരുവനന്തപുരം : പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും സാംസ്കാരിക പൈതൃകങ്ങളേയും ധ്വംസിയ്ക്കുന്ന തരത്തിൽ തിരുനാവായ- തവനൂർ പാലം നിർമ്മിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം.
നിർദ്ദിഷ്ട പാലത്തിൻ്റെ അലൈൻമെൻറ് തവനൂർ കടവിൽ എത്തുന്ന വിധം പുനഃക്രമീകരിച്ചാൽ നിർമാണ ചിലവ് വലിയ അളവിൽ കുറയ്ക്കാൻ കഴിയും എന്ന വിദഗ്ദ്ധ നിർദ്ദേശം സർക്കാർ അടിയന്തിരമായി പരിഗണിക്കണം.
നദിയുടെ വടക്കേ കരയിലെ നാവാമുകുന്ദ ക്ഷേത്ര സമീപത്തുനിന്നാരംഭിച്ച് തെക്കേ തീരത്തുള്ള ബ്രഹ്മാ-ശിവ ക്ഷേത്രങ്ങളുടെ മധ്യത്തിൽ എത്തും വിധം തെറ്റായ രൂപകല്പനയുമായി സർക്കാർ മുന്നോട്ടു പോകരുത്. കാരണം അത് ത്രിമൂർത്തി സന്നിധി എന്ന നിലയിൽ നദിയിലെ ത്രികോണാകൃതിയിലുള്ള ഒരു പരമ്പരാഗത തീർത്ഥ സ്ഥാനമാണ്.
മാത്രമല്ല, കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പൻ അന്ത്യവിശ്രമംകൊള്ളുന്ന തവനൂരിലെ സ്മൃതിമണ്ഡപത്തിൻ്റെ മുകളിലൂടെയാണ് പാലത്തിൻ്റെ നിലവിലെ രൂപകല്പ്പന.
ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള ക്ഷേത്ര സന്നിധികളിൽ വിശാലമായ കൽപടവുകൾ കെട്ടി പുണ്യസ്നാന നിർവഹണത്തിനും പിതൃതർപ്പണത്തിനും വിപുലമായ സൗകര്യം ഏർപ്പെടുത്തണമെന്നുള്ള ജനങ്ങളുടെ ചിരകാല ആവശ്യം നിലനിൽക്കുമ്പോഴാണ് അവയെല്ലാം നശിപ്പിക്കുന്ന വിധത്തിൽ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുമ്പെടുന്നത്.
നിർദ്ദിഷ്ട പാലത്തിൻ്റെ അലൈൻമെൻ്റിൻ്റെ കാര്യത്തിൽ സർക്കാർ അടിയന്തിരമായി പുനരാലോചന നടത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി ആവശ്യപ്പെടുന്നു.
ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗത്തിൽ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ജനറൽ സെക്രട്ടറി കെസി. സുധീർ ബാബു, ഡോ. എസ്. ഉമാദേവി, ഡോ. എൻ. സന്തോഷ് കുമാർ, ഡോ. സിഎ. ഗീത, രാമചന്ദ്രൻ പാണ്ടിക്കാട്, ഡോ. ശിവകുമാർ, ശ്രീധരൻ പുതുമന, എസ്. രാജൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post