കോട്ടയം: ക്ഷേത്ര വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡ് രാജിവയ്‌ക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് വേണ്ടിയാണ്. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും ഭക്തരുടെ വിശ്വാസങ്ങള്‍ സംരക്ഷിച്ചും ക്ഷേത്രങ്ങളെ പരിപാലിക്കാനാണ് ദേവസ്വം ബോര്‍ഡുകള്‍. ഭക്തര്‍ക്ക് സുഗമമായി ദര്‍ശനവും വഴിപാടുകളും നടത്താന്‍ സൗകര്യമൊരുക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡുകള്‍ക്കാണ്. ആ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ദേവസ്വം ഭരണക്കാര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല. അവര്‍ രാജിവെക്കണം.
ഏതൊരു പൗരനും ആരാധനാലയത്തില്‍ ദര്‍ശനവും പ്രാര്‍ത്ഥനയും നടത്താനുള്ള അവകാശത്തെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തടയുന്നത്.
സര്‍ക്കാര്‍ ക്ഷേത്ര വിരുദ്ധരായ ആജ്ഞാനുവൃത്തികളെ ഉപയോഗിച്ച് ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇത് അനുവദിക്കില്ല. ക്ഷേത്രങ്ങളോട് പ്രത്യേകിച്ച് ശബരിമലയോട് ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിച്ച് ഏതൊരു ഭക്തനും ദര്‍ശനം നടത്താന്‍ അനുമതി നല്‍കണം.സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നാരായണന്‍ ആവശ്യപ്പെട്ടു.
അതേസമയം ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പത്തോളം സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധിക്കണമെന്നും അടിയന്തരമായി ഇവ പുനഃസ്ഥാപിക്കണമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു.
മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 80,000 പേര്‍ക്കേ ദര്‍ശനാനുവാദം നല്കൂ എന്ന തീരുമാനം ശരിയല്ല. ഗുരുവായൂര്‍, തിരുപ്പതി, പഴനി, വൈഷ്‌ണോദേവി മുതലായ ക്ഷേത്രങ്ങളില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള സംവിധാനം അതേപടി ശബരിമലയില്‍ നടപ്പിലാക്കാനാവില്ല. മറ്റു ക്ഷേത്രങ്ങളിലെ ദര്‍ശന രീതി അല്ല ശബരിമലയിലേതെന്നും സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ചൂണ്ടിക്കാട്ടി.
ദേവസ്വം ബോര്‍ഡ് ദിവസം 80,000 പേര്‍ക്കായി ദര്‍ശനാനുമതി പരിമിതപ്പെടുത്തിയാല്‍ മണ്ഡല മകരവിളക്ക് കാലത്ത് ക്ഷേത്രം തുറക്കുന്ന 65 ദിവസങ്ങളിലായി 52 ലക്ഷം പേര്‍ക്കേ ദര്‍ശനം ലഭിക്കൂ. ഒരു കോടി അയ്യപ്പഭക്തര്‍ മാലയിട്ട് വ്രതമെടുത്താല്‍ അവശേഷിക്കുന്ന 48 ലക്ഷം ഭക്തര്‍ക്ക് ദര്‍ശന സൗഭാഗ്യം നിഷേധിക്കുന്ന നിലപാട് ഭക്ത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. 2018ന് മുന്‍പ് ഒരു കോടിയില്‍ അധികം അയ്യപ്പന്മാരാണ് ശബരിമലയില്‍ എത്തിയിരുന്നുതെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതി യോഗം ഇക്കാര്യം ആവശ്യപ്പെട്ടത്.
വെര്‍ച്വല്‍ ക്യു വഴി മാത്രം ശബരിമല ദര്‍ശനം എന്ന തീരുമാനം ഭക്തരുടെ മൗലിക സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്. ദര്‍ശനത്തിന് എത്തുന്ന ഓരോരുത്തര്‍ക്കും പത്തു രൂപ ഇന്‍ഷുറന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും പിന്‍വലിക്കണം. ഇവ പിന്‍വലിച്ചില്ലെങ്കില്‍ സമാന സംഘടനകളുമായി ചേര്‍ന്ന് സമരവുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി മുരളി കോളങ്ങാട്ട്, ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍ എന്നിവര്‍ വ്യക്തമാക്കി.
Discussion about this post