മാനന്തവാടി: ദേശസ്‌നേഹമെന്ന വികാരം ഇഷ്ടപ്പെടാത്ത ഒരു വിഭാഗം നാട്ടില്‍ വളര്‍ന്നു വരുന്നുണ്ടെന്നും ഇത്തരം മനോഭാവമുള്ളവരുടെ മനസ് ശുദ്ധീകരിക്കാന്‍ ദേശസ്‌നേഹികള്‍ തയാറാകണമെന്നും ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. മാനന്തവാടിയില്‍ 219-ാമത് പഴശ്ശി വീരാഹൂതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശസ്‌നേഹത്തെ അവഗണിക്കുന്നവരുടെ ഉള്ളില്‍ ദേശസ്‌നേഹത്തിന്റെ പ്രവാഹമുണ്ടാക്കാനാണ് പഴശ്ശി രാജയുടെയും തലക്കര ചന്തുവിന്റെയും എടച്ചന കുങ്കന്റെയും വീര കഥകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്. പഴശ്ശിരാജ സ്വന്തം സാമ്രാജ്യം വിപുലമാക്കാനല്ല യുദ്ധം ചെയ്തത്. ബ്രിട്ടീഷുകാരും ഹൈദ്രാലിയും രാജ്യത്തെ സാധാരണക്കാരില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം കുറക്കുന്നതിനാണ്. പഴശ്ശിയുടെ കീഴില്‍ ജനതയ്‌ക്ക് മാനസിക പരിവര്‍ത്തനം വന്നിരുന്നു. പിന്നീട് ഈ ജനതയ്‌ക്ക് ഒരു കീഴടങ്ങല്‍ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ ജനങ്ങളുടെ ജീവിത ശൈലി മാറ്റി മറിച്ച ശേഷമാണ് പഴശ്ശിരാജ ജീവന്‍ വെടിഞ്ഞത്.
സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞെങ്കിലും നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടണമെങ്കില്‍ രാജ്യത്തിലെ ഒരോ മനുഷ്യരിലും ദേശസ്‌നേഹം ഉടലെടുക്കണം. നിസ്വാര്‍ത്ഥനായി സമാജത്തിനായി പ്രവര്‍ത്തിക്കണമെങ്കില്‍ ദേശസ്‌നേഹ വികാരം മനസിലുണ്ടാകണം. കാപട്യത്തിന്റെ ചരിത്രം പ്രചരിപ്പിക്കാനായുള്ള പരിശ്രമവും നാട്ടില്‍ പലഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട് ഇതിനെ ചെറുക്കണ്ടതും അവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗത സംഘം ചെയര്‍മാന്‍ വി.എം. ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. വയനാട് പൈതൃക സംരക്ഷണ കര്‍മ്മ സമിതി സെക്രട്ടറി വി.കെ. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വനമിത്ര പുരസ്‌കാരം വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന് സംസ്ഥാന അധ്യാക്ഷന്‍ രാധാകൃഷ്ണ നായ്ക് സമര്‍പ്പിച്ചു. സഞ്ചാര സാഹിത്യകാരന്‍ ബിജുപോള്‍ കാരക്കാമല, ക്രിക്കറ്റ് താരം മിന്നുമണി എന്നിവരെ ആദരിച്ചു. മിന്നുമണിക്കായി അമ്മ ആദരവ് ഏറ്റുവാങ്ങി. ദേശീയ കായിക താരം ഹണി ഹരികൃഷ്ണന്‍, മിസ് വയനാട് അശ്വതി ബാലന്‍, അനശ്വര രാജന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. എം.വി. രാജേന്ദ്ര പ്രസാദ്, എം. വിനോദ് എന്നിവര്‍ സംസാരിച്ചു.
Discussion about this post