പാലക്കാട്: രാജ്യത്തെ വെട്ടിമുറിച്ച കോണ്‍ഗ്രസാണ് ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കുരുതിയ്‌ക്ക് പിന്നില്‍ പ്രത്യക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമിയാണെങ്കിലും, പിന്നില്ലാരാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഹിന്ദുക്കളുടെ നിലനില്‍പ്പുതന്നെ അപകടമാകും. ഔദ്യോഗിക കണക്കുപ്രകാരം 1200 ഹിന്ദുക്കളാണ് കൊല്ലപ്പെട്ടിട്ടുള്ളതെങ്കിലും ഗ്രാമങ്ങളില്‍ നൂറുകണക്കിന് ഹിന്ദുക്കളെ കൊല്ലുകയാണ്. നിരാലംബരയായ ഇവരെ ഇതിലേക്ക് എറിഞ്ഞുകൊടുത്ത ശക്തികള്‍ ആരാണെന്ന് തിരിച്ചറിയണം. ഹിന്ദുവിന്റെ ശത്രു ആരാണെന്ന് തിരിച്ചറിഞ്ഞ് ഇല്ലാതാക്കിയാല്‍ മാത്രമേ നിലനില്‍ക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
1921ലെ മാപ്പിള ലഹളയ്‌ക്കു പിന്നില്‍ കോണ്‍ഗ്രസാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കി. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തു. ഏറനാട്ടിലും വള്ളുവനാട്ടിലും ഹിന്ദുവംശഹത്യ നടത്തി. അന്ന് ഹിന്ദുക്കളെ എരിതീയിലേക്ക് എറിഞ്ഞുകൊടുത്ത കോണ്‍ഗ്രസുകാരെ പിന്നെ എവിടെയും കണ്ടിട്ടില്ല. ഹിന്ദുക്കളെ കൂട്ടക്കുരുതിക്ക് തള്ളിയിട്ട് അവരെല്ലാം ഓടിയൊളിക്കുകയായിരുന്നു.
പാക്കിസ്ഥാന്‍ രൂപികരിക്കുമ്പോള്‍ 18 ശതമാനം ഹിന്ദുക്കള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി ദയനീയമാണ്. പാക്കിസ്ഥാനിലെ ഭൂമിയില്‍ അവിടത്തെ ഹിന്ദുക്കള്‍ക്കും അവകാശമുണ്ട്.
മതേതരത്വം ജയിച്ചെന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ എസ്ഡിപിഐ അംഗം ഇന്നലെ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിന്റെ മതേതരത്വം എന്നുപറഞ്ഞാല്‍ ഹിന്ദുക്കളെ ചവിട്ടിത്താഴ്‌ത്തുക എന്നതാണ്. ജമാഅത്തെ ഇസ്ലാമിയും മുസ്ലീം സമൂഹവും തങ്ങളുടെ മതക്കാര്‍ ചെയ്യുന്ന ക്രൂര കൊലപാതകങ്ങളില്‍ എന്തെങ്കിലും മിണ്ടുന്നുണ്ടോ.
പാലസ്തീന്‍ തീവ്രവാദികള്‍ അങ്ങോട്ട് അടിച്ചതുകൊണ്ടാണ് ഇസ്രായേല്‍ തിരിച്ചടിച്ചതെന്ന് ഒക്ടോബര്‍ 8ന് ശശി തരൂര്‍ എംപി കോഴിക്കോട് പറഞ്ഞതില്‍ പിന്നെ അദ്ദേഹത്തെ എവിടെയും പ്രസംഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും തില്ലങ്കേരി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ലീഗ് ഉള്‍പ്പെടെ പറഞ്ഞിരുന്നത് ശശി തരൂരിനെയായിരുന്നു. എന്നാല്‍ ഈ പ്രസംഗത്തിനുശേഷം ചിത്രം മാറി.
ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയ്‌ക്കെതിരെ ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാന്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തേയും വെല്ലുവിളിക്കുന്നതായി വത്സന്‍ തില്ലങ്കേരി പറഞ്ഞു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനകേസിലെ പ്രതിയായ മദനിക്കു വേണ്ടിയും പൗരത്വനിയമത്തിലും വഖ്ഫിലും 140 പേരും ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കിയവരാണ്.
ഇംഗ്ലണ്ടിലെ പാര്‍ലമെന്റില്‍ ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തി. എന്നാല്‍, ഇന്ത്യയിലെ പ്രതിപക്ഷം മൗനം പാലിക്കുന്നു. അദാനി-അംബാനി എന്നുപറഞ്ഞ് പ്രതിപക്ഷം ഇപ്പോള്‍ സംഭാലിലേക്ക് പോവുകയാണ്. നെഹ്റുവിനെ പോലുള്ള കോണ്‍ഗ്രസുകാരുടെ അധികാര ആര്‍ത്തിയാണ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥക്ക് കാരണം.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അശേഷാനന്ദ, ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ആനിക്കോട് വെട്ടിക്കാട് അദൈ്വതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി, സഹസംഘചാലക് അഡ്വ. ജയറാം, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.എന്‍. ശ്രീരാമന്‍, ജില്ലാ പ്രസിഡന്റ് ജി. മധുസൂദനന്‍, വിഎച്ച്പി വിഭാഗ് കാര്യദര്‍ശി സി. രവീന്ദ്രന്‍, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ ആര്‍.കെ. മേനോന്‍ സംസാരിച്ചു.
Discussion about this post