പാലക്കാട്: പാലക്കാട് പനയമ്പാടത്ത് നടന്ന വാഹനാപകടത്തിൽ മരിച്ച നാല് പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്.
അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെൺകുട്ടികളെ ഖബറടക്കിയത്. രാവിലെ ആറരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളിൽ എത്തിച്ചു. ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം നാലുപേരുടെയും മൃതദേഹങ്ങൾ കരിമ്പിനൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്.
കണ്ണു നനയിക്കുന്ന കാഴ്‌ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. പൊതുദർശനത്തിന് വെച്ച ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാടി സാദിഖലി ശിഹാബ് തങ്ങൾ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്വം നൽകി.
മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അതേസമയം അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുകയാണ്. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിന്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്. ലോറി ഇടിച്ചു കയറി നാല് വിദ്യാർത്ഥിനികളാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.
Discussion about this post