കൊച്ചി: ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ പരിശ്രമങ്ങളാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ. ക്ഷേത്ര ഉത്സവങ്ങളും ആഘോഷങ്ങളും തടസപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണ്. അതിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ടീച്ചർ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗം എറണാകുളം മാധവ നിവാസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.ശശികല ടീച്ചർ. ഹൈന്ദവ കേരളത്തിൻ്റെ ഭൂതകാലം വൈഭവ പൂർണമായിരുന്നുവെന്ന് ടീച്ചർ പറഞ്ഞു.
കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് ഐക്യവേദി പ്രവർത്തിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷനായ സംസ്ഥാന അധ്യക്ഷൻ ആർ. വി. ബാബു പറഞ്ഞു. ശബരിമല, തിരുനാവായ പാലം, കൊടുങ്ങല്ലൂർ ക്ഷേത്ര ഭൂമി, ബംഗ്ലാദേശിലെ ഹിന്ദു വിഷയങ്ങൾ, വഖഫ് ഭൂമി – മുനമ്പം വിഷയങ്ങളിൽ ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനറൽ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, പി.സുധാകരൻ, കെ.ഷൈനു, സംഘടനാ സെക്രട്ടറി സി.ബാബു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാർ എന്നിവർ സംസാരിച്ചു. മഞ്ഞപ്പാറ സുരേഷ് സ്വാഗതവും പി.വി.മുരളീധരൻ നന്ദിയും പറഞ്ഞു.
Discussion about this post