കൊച്ചി: അടിയന്തരാവസ്ഥയ്ക്കെതിരായ പോരാളികൾ ആരായിരുന്നുവെന്നും ആ പോരാട്ട ചരിത്രം എന്തായിരുന്നുവെന്നും വിദ്യാർത്ഥികൾ പഠിക്കണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട് പൂർത്തിയാകുമ്പോൾ ആ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാത്ത പലരും നായകർ ചമഞ്ഞെത്തും. അവർക്ക് വേണ്ടി മാധ്യമങ്ങൾ സമര ചരിത്രം സൃഷ്ടിക്കും. അതിനെ പ്രതിരോധിക്കാൻ ചരിത്രം ശരിയായി പഠിക്കാനും അവതരിപ്പിക്കാനും കഴിയണം, അദ്ദേഹം പറഞ്ഞു. എളമക്കര സരസ്വതി വിദ്യാനികേതനിൽ എബിവിപി നാല്പതാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീലം സഞ്ജീവറെഡ്ഡിയെ രാഷ്ട്രപതിയായി നിർദേശിച്ചിട്ട് വി.വി. ഗിരിയെ ജയിപ്പിച്ച് ചതി കാട്ടിയ അതേ ഇന്ദിരാ ഗാന്ധിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തിൻ്റെ അന്തകയായത്. ആർഎസ്എസും എബിവിപിയും ജനസംഘവുമാണ് അതിനെതിരെ പൊരുതിയത്. ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി ജനാധിപത്യ സംരക്ഷിച്ച ആ പ്രസ്ഥാനങ്ങളുടെ പിന്മുറക്കാരെന്ന നിലയിൽ വിദ്യാർത്ഥി പരിഷത്ത് പ്രവർത്തകർ സത്യം ജനങ്ങളോട് പറയാൻ തയാറെടുക്കണം, ശ്രീധരൻ പിള്ള പറഞ്ഞു.
എബിവിപി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്രസിങ് സോളങ്കി, സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ, സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്, സമിതിയംഗം അഭിരാമി, സ്വാഗത സംഘം ചെയർമാൻ സി. ദാമോദരൻ, സെക്രട്ടറി എം.എ. വിനോദ് എന്നിവർ സംസാരിച്ചു.
Discussion about this post