കൊട്ടാരക്കര : ചരിത്ര പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ വിളംബരം കുറിച്ച് ഹിന്ദു ഏകതാ പദയാത്രയ്ക്ക് സദാനന്ദപുരം അവധൂതാശ്രമത്തിൽ തുടക്കമായി. ശ്രീമദ് സദാനന്ദസ്വാമികളുടെ പ്രതിമയും വഹിച്ചു കൊണ്ടുള്ള യാത്രയ്ക്ക് മഠാധിപതി ചിദാനന്ദഭാരതി സ്വാമികളാണ് നേതൃത്വം നല്കുന്നത്. പദയാത്രാ സംയോജകൻ ജി. പ്രദീപ് കുമാർ ആയിരുന്നു.
ലോകം സനാധനധർമ്മം മുന്നോട്ടു വയ്ക്കുന്ന ആദ്ധ്യാത്മിക ജീവിത ശൈലിയിലേക്ക് മാറുന്നതിൻ്റെ അടയാളമാണ് കുംഭമേള ഉൾപ്പടെയുള്ള ഹിന്ദു സംഗമങ്ങളിലെ പങ്കാളിത്തമെന്ന് പദയാത്ര ഉദ്ഘാടനം ചെയ്ത ആർ എസ് എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം രാധ കൃഷ്ണൻ പറഞ്ഞു. 113 വർഷം മുന്നേ ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട് സദാനന്ദപുരം അവധൂത ആശ്രമസ്ഥാപകനായ സദാനന്ദ സ്വാമികളാണ് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് ആരംഭിക്കുന്നത്. ആദ്യ ഉദ് ഘാടന പ്രസംഗത്തിൽ ഹിന്ദുസമുദായ പരിഷ്‌കരണം സംബന്ധിച്ചുള്ള പ്രഭാഷണങ്ങളായിരുന്നു സ്വാമിയുടേത്. സദാനന്ദ സ്വാമികളുടെ എഴുത്തുകളിൽ സമുദായത്തിന്റെ ശാസ്ത്രീയ പരിഷ്ക്കരണമാണ് പ്രതിപാദിച്ചിരുന്നത്. ആ ജീവിത രീതിയാണ് സദാനന്ദപുരം അവധൂത ആശ്രമത്തിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് മുഴുവൻ സംഭവിച്ചു കൊണ്ടിരിക്കുന്ന ആദ്ധ്യാത്മിക ഉണർവ് കേരളത്തിലെ ഹിന്ദു സമൂഹത്തിലും സംഭവിക്കുന്നതിൻ്റെ തെളിവാണ് ആശ്രമ മഠധിപതിയുടെ നേതൃത്വത്തിൽ ചെറുകോൽപുഴഹിന്ദു മത പരിഷത്തിലേക്കു ഏകതാ പദ യാത്ര. ഏതെങ്കിലും ചൈതന്യം നില നിൽക്കുന്നു എങ്കിൽ അത് ഉയർത്തെഴുന്നേറ്റ് ലോകം മുഴുവൻ പരക്കുമെന്നാണ് ഈ യാത്ര സൂചിപ്പിക്കുന്നതെന്ന് എം. രാധാകൃഷ്ണൻ പറഞ്ഞു.
സദാനന്ദ സ്വാമികളുടെ സമാധിയിൽ നടന്ന പരിപാടിയിൽ കെ പി എം എസ് സംസ്ഥാന ട്രഷറർ ജി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ആശ്രമം പി ആർ ഒ കെ.ആർ. രാധാകൃഷ്ണൻ, അഡ്വ വയയ്ക്കൽ സോമൻ, മാതൃ സമിതി പ്രസിഡന്റ് ശാന്തമ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂർ തുളസി, ബിജെപി മണ്ഡലം പ്രസിഡന്റ് മാരായ അനീഷ് കിഴക്കേക്കര, ഗിരീഷ് അമ്പാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഏകതാപദ യാത്രയ്ക്കായി ഒരുക്കിയ സദാനന്ദ സ്വാമികളുടെ പ്രതിമയോട് കൂടിയ രഥത്തിൽ ചിദാനന്ദ സ്വാമികൾ വിളക്ക് തെളിയിച്ചതോടെയാണ് പദയാത്ര ആരംഭിച്ചു.
യാത്ര ഫെബ്രുവരി രണ്ടിന് ചെറുകോൽ പുഴ ഹിന്ദുമത പരിഷത്തിൽ എത്തിചേരും.
Discussion about this post