കരുനാഗപ്പള്ളി: ഒരു മൈതാനം… 102 ശാഖകള്‍…. ആര്‍എസ്എസ് ശതാബ്ദിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി മാലുമേല്‍ ക്ഷേത്രമൈതാനത്ത് സംഘടിപ്പിച്ച ശാഖാ സംഗമം ശ്രദ്ധേയമായി. കൊല്ലം ഗ്രാമജില്ലയിലെ നിത്യശാഖകളുടെ ഒത്തുചേരലിനാണ് കഴിഞ്ഞ ദിവസം കളമൊരുങ്ങിയത്.
മൂല്യബോധമുള്ള വ്യക്തികളുടെ നിര്‍മാണത്തിലൂടെ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് സാംഘിക്കിനെ അഭിസംബോധന ചെയ്ത ദക്ഷിണ കേരള പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ് പി.ആര്‍. സജീവ് പറഞ്ഞു. കലിയുഗത്തില്‍ സംഘടനയ്ക്കാണ് ശക്തിയെന്ന് മഹാഭാരതം ഉദോഘോഷിക്കുന്നു. ഭാരതത്തിലെമ്പാടുമുള്ള ആചാര്യന്മാര്‍ സംഘടനയിലൂടെ സാമാജിക പരിവര്‍ത്തനമെന്ന ആശയത്തിനാണ് ഊന്നല്‍ നല്കിയത്. ശ്രീബുദ്ധന്‍ സംഘം ശരണം ഗച്ഛാമി എന്ന ശരണമന്ത്രമാണ് സമാജത്തിന് നല്കിയത്. ശ്രീനാരായണ ഗുരുദേവന്‍ സംഘടിച്ച് ശക്തരാകാനാണ് ആഹ്വാനം ചെയ്തത്. മഹാത്മാ അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനും മന്നത്ത് പദ്മനാഭനും അയ്യാ വൈകുണ്ഠസ്വാമികളും സദാനന്ദസ്വാമികളുമെല്ലാം സംഘടനകള്‍ക്ക് രൂപം നല്കി.
വാസ്തവത്തില്‍ ഈ ആചാര്യന്മാരുടെയെല്ലാം സ്വപ്നസാക്ഷാത്കാരമാണ് സംഘത്തിന്റെ രൂപീകരണത്തിലൂടെ ഡോ. ഹെഡ്‌ഗേവാര്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ സംഘചാലക് ആര്‍. മോഹനന്‍, സഹ സംഘചാലക് കെ.ജി. മാധവന്‍, ജില്ലാ കാര്യവാഹ് ജി. ജയറാം എന്നിവര്‍ സംബന്ധിച്ചു.
Discussion about this post