തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രഷറികളില്‍ സെര്‍വര്‍ തകരാര്‍ എന്ന പേരില്‍ എല്ലാ മാസത്തിന്റെയും ആദ്യ ദിനങ്ങളില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള ട്രഷറി ഇടപാടുകള്‍ മുടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാന്‍ ധനകാര്യ വിഭാഗം ബോധപൂര്‍വം നടത്തുന്ന തിരുമറിയാണോ സെര്‍വര്‍ തകരാര്‍ എന്ന് സംശയിക്കുന്നു. ട്രഷറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നുവരുന്നത്. പലപ്പോഴും ഉന്നത തലത്തില്‍ സംഭവിക്കുന്ന പിഴവുകളെ താഴെത്തട്ടിലുള്ള ജീവനക്കാരുടെ തലയില്‍ കെട്ടിവയ്‌ക്കുന്ന സമീപനമാണ് ട്രഷറി സര്‍വീസില്‍ നടക്കുന്നത്.
ഓഫീസ് സമയത്ത് ജോലി തടസ്സപ്പെടുന്നതിനാല്‍ രാത്രി കാലങ്ങളില്‍ പോലും ജോലി ചെയ്യണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഓണ്‍ ലൈന്‍ സംവിധാനത്തിലേക്കും ഡിജിറ്റല്‍ മേഖലയിലേയ്‌ക്കും മാറിയ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലെ നിരന്തരമായ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതാണോ അതോ സ്വയം നിര്‍മ്മിത അട്ടിമറിയാണോ എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Discussion about this post