പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള 7 ഗഡു (21%) ക്ഷാമബത്ത കുടിശ്ശികയിൽ ഒരു ഗഡു (3%) മാത്രമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 2022 ജനുവരി മുതൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്ത ഇപ്പോൾ അനുവദിച്ചുവെങ്കിലും 39 മാസത്തെ കുടിശ്ശിക സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല. 2021ജനുവരി, ജൂലൈ മാസങ്ങളിൽ ലഭ്യമാകേണ്ട ക്ഷാമബത്ത 2024 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി അനുവദിച്ചപ്പോഴും മുൻകാല പ്രാബല്യം നിഷേധിക്കുകയായിരുന്നു.അങ്ങനെ 3 ഗഡു ക്ഷാമബത്തയുടെയും 39 മാസത്തെ കുടിശ്ശിക തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്ഷാമബത്ത മുൻകാലപ്രാബല്യത്തോടുകൂടി അനുവദിക്കുകയും, കുടിശ്ശിക തുക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയും ചെയ്തിരുന്ന മുൻകാല രീതിയാണ് സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.
രാജ്യത്ത് വിലക്കയറ്റത്തിന് അനുസൃതമായി കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് ആനുപാതികമായിട്ടാണ് സംസ്ഥാനത്തും അനുവദിച്ചിരുന്നത്. എന്നാൽ സമയബന്ധിതമായിലഭിക്കേണ്ട ക്ഷാമബത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം നേരിടുന്ന കേരളത്തിൽ സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിച്ച് അർഹമായ ആനുകൂല്യങ്ങളും,അവകാശങ്ങളും അകാരണമായി തടഞ്ഞുവച്ച് ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടി സിവിൽ സർവീസിന്റെ കാര്യക്ഷമതയെ തകർക്കുന്നതാണ്.
ക്ഷാമബത്ത വർഷങ്ങളോളം തടഞ്ഞുവച്ച ശേഷം അനുവദിച്ചപ്പോൾ കുടിശ്ശിക തുക നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. ആയതിനാൽ അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക തുക നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.
Discussion about this post