തിരുവനന്തപുരം: സനാതനധര്‍മ സംരക്ഷണത്തിനായി ഏവരും മുന്നിട്ടിറങ്ങണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തിരുവനന്തപുരം കോട്ടയ്‌ക്കകം ലെവി ഹാളില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജിന് പൗരസമിതി ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മത്തിന്റെ ശക്തി നമ്മുടെ വിശ്വാസത്തിലാണ്. ആ വിശ്വാസത്തിന്റെ ആത്മാവ് നമ്മുടെ സംസ്‌കാരത്തിലാണ്. സംസ്‌കാരത്തിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാകൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. ആര്‍ഷഭാരത സംസ്‌കാരത്തിന് ദാര്‍ശനിക തലത്തിലും ആചാരപരമായും കേരളം നല്കിയ സംഭാവന നിസ്തുലമാണ്. ആര്‍ഷസംസ്‌കാരത്തിന് കേരളത്തിന്റെ സംഭാവന എന്തെന്ന ചോദ്യത്തിന് ഒറ്റവാക്കിലുളള ഉത്തരം ശ്രീശങ്കരാചാര്യന്‍ എന്നാണ്. താന്ത്രിക ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ആര്‍ഷസംസ്‌കൃതിക്ക് കേരളം നല്‍കിയ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ധാര്‍മികമൂല്യങ്ങളെ മുറുകെ പിടിക്കാന്‍ യുവതലമുറയെ പ്രാപ്തരാക്കണമെന്ന് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ് പ്രഭാഷണത്തില്‍ പറഞ്ഞു. ആത്മീയ മൂല്യങ്ങളുടെയും ധാര്‍മികബോധത്തിന്റെയും അഭാവം സമൂഹത്തില്‍ അനുദിനം വര്‍ദ്ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പുതുതലമുറയെ നശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയുടെ സംരക്ഷണത്തിനായി മതപഠനശാലകള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജവൈദ്യന്‍ മോഹന്‍ലാല്‍, മഹന്ത് പരമേശ്വര്‍ ഭാരതി മഹാരാജ്, മഹന്ത് വിശ്വംഭര്‍ ഭാരതി മഹാരാജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post