കോഴിക്കോട്: ദേശീയ പരിപ്രേഷ്യത്തില്‍ കേരളം വഹിച്ച ഉന്നതമായ സ്ഥാനം വീണ്ടെടുക്കാന്‍ കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാലോചന ആവശ്യമാണെന്നും അതിന് സംസ്‌കാരത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.
ഡോ. കെ. മാധവന്‍കുട്ടി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ‘കേരളപഠനങ്ങള്‍’ സംബന്ധിച്ച പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പടര്‍ന്നു പിടിച്ച കാലത്ത് വികസിതരാഷ്‌ട്രങ്ങളടക്കം പകച്ചു നിന്നപ്പോള്‍ ഭാരതം അതിനെ പൗരുഷത്തോടെ നേരിട്ടു. ആ കരുത്തിന്റെ ആധാരം നമ്മുടെ ധര്‍മ്മബോധവും സംസ്‌കാരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ നിലവിലുള്ള മനസ്ഥിതിക്ക് മാറ്റം വരണം. ഇത്തരത്തില്‍ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ പഠനഗവേഷണങ്ങള്‍ ആവശ്യമാണ്. എല്ലാ മേഖലകളിലും മലയാളിയുടെ ഗരിമ ഇന്ന് ദുര്‍ബലപ്പെടുന്നു. ഇത് പരിഹരിക്കാന്‍ മനസ്ഥിതിയുടെ മാറ്റം ആവശ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ കമ്യൂണിസവും സോഷ്യലിസവുമൊക്കെയാണ് ലോകത്തെ മാറ്റിത്തീര്‍ത്തത്. ആ ആശയലോകം ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു.
ഇന്ന് ഒരു നവമുതലാളിത്തത്തിന്റെ പാതയില്‍ ലോകം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അര്‍ത്ഥവും കാമവും എന്ന രണ്ട് ലക്ഷ്യങ്ങളിലൂന്നിയുള്ള കാഴ്ചപ്പാടാണ് ലോകത്തിന്റെ ചിന്തയെ സ്വാധീനിച്ചത്. ഭാരതം മുന്നോട്ടു വച്ചത് ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്ന ചതുര്‍പുരുഷാര്‍ത്ഥത്തിലൂന്നിയ ജീവിത കാഴ്ചപ്പാടാണെന്നും സഞ്ജയന്‍ പറഞ്ഞു.
Discussion about this post