തിരുവനന്തപുരം: മഹാനഗരമാകെ പൂജപ്പുര മൈതാനത്ത് സംഗമിച്ച അഞ്ചുനാള്‍ ആഘോഷത്തിന് പരിസമാപ്തി. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തലസ്ഥാനനഗരി നല്കിയ വരവേല്പ് ആവേശകരമായിരുന്നു. ഇരുന്നൂറിലേറെ സ്റ്റാളുകളൊരുങ്ങിയ മഹാ പ്രദര്‍ശനനഗരിയിലേക്ക് നൂറ് കണക്കിനാളുകളാണ് ഓരോ ദിവസവും വന്നത്. ജന്മഭൂമിയുടെ ചരിത്രവും പ്രൗഢിയും വിളിച്ചോതുന്ന ആദ്യ പ്രദര്‍ശിനിയില്‍ മുതല്‍ ഫുഡ്‌കോര്‍ട്ടുകളും വിപണനമേളകളിലും വരെ തിരക്കനുഭവപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പൗരപ്രമുഖര്‍ വരെ ആഘോഷനഗരിയിലെത്തി. അറിഞ്ഞതേറെ…. അതിശയമേറെ… കണ്ടിറങ്ങുന്നവര്‍ക്ക് ഇതല്ലാതെ മറ്റൊന്നും പറയാനില്ല.
വ്യത്യസ്ത വിഷയങ്ങളില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍. പന്ത്രണ്ടോളം സെമിനാറുകള്‍. കൃഷി മുതല്‍ തീവ്രവാദം വരെ… നദീസംരക്ഷണം മുതല്‍ നഗര വികസനം വരെ… ഗവേഷണം മുതല്‍ സാമ്പത്തിക ചര്‍ച്ചകള്‍ വരെ…. ജന്മഭൂമി സുവര്‍ണജൂബിലി സമ്മേളനം ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാ സെമിനാര്‍ സദസും പ്രൗഢമായിരുന്നു. സംശയങ്ങളും സംവാദങ്ങളുമായി ചര്‍ച്ചകള്‍ സജീവമായി.
മാതൃകാനഗരമായ ഇന്‍ഡോറിന്റെ ശില്പി പി. നരഹരിയും നമാമി ഗംഗയുടെ അമരക്കാരന്‍ ജി. അശോക് കുമാറും തിരുവനന്തപുരത്തോട് സംവദിക്കാനെത്തി. ചെറുകിട സംരഭങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കളമൊരുക്കുന്നതിന് പാഠങ്ങള്‍ പകരാന്‍ ശ്രീധര്‍ വെമ്പുവും സിഎ സുന്ദരം രാമാമൃതവുമെത്തി. കായികകേരളത്തിന്റെ പ്രതീക്ഷകളും ഭാരതത്തിന്റെ ഒളിമ്പിക്‌സ് സ്വപ്‌നസാക്ഷാത്കാരവും ചര്‍ച്ച ചെയ്യാന്‍ അഞ്ജുബേബി ജോര്‍ജും ഐ.എം. വിജയനും യു. വിമല്‍കുമാറും എത്തി. കാര്‍ഷികകേരളത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്യാനെത്തിയ കോലാപ്പൂര്‍ കാര്‍ഷിക സര്‍വകലാശാലാ വിസി ഡോ. കെ. പ്രതാപന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
തീവ്രവാദത്തിനെതിരായ യുവസമ്മേളനത്തില്‍ ആവേശം പകര്‍ന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ലോകം കീഴടക്കാന്‍ കരുത്തുള്ള സ്വര്‍ണ സിംഹങ്ങളാണ് നമ്മളെന്ന് ആവേശം പകര്‍ന്നു. കലാസന്ധ്യകള്‍ പൂജപ്പുര മൈതാനത്ത് ആഹ്ലാദത്തിരയിളക്കി. നവ്യനായരും കൃഷ്ണപ്രഭയും ശ്രീനിവാസും സുദീപും സക്ഷമയിലെ കലാപ്രതിഭകളും മ്യൂസിക് ബാന്റുമൊക്കെ സദസിനെ ഇളക്കിമറിച്ചു. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും ഉദ്ഘാടന, സമാപന വേദികളിലെ മുഖ്യാതിഥിമാരായി. ഗായിക കെ.എസ്. ചിത്രയ്‌ക്ക് ജന്മഭൂമിയുടെ ലെജന്റ് ഓഫ് കേരള ബഹുമതി നല്കി.
സംഘടിപ്പിച്ചും സ്വാഗതം ചെയ്തും തിരുവനന്തപുരം മഹാനഗരം ജന്മഭൂമിയുടെ അമ്പതാമാണ്ടിന്റെ ആഘോഷത്തെ അവിസ്മരണീയമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പത്രത്തിന്റെ ജന്മദൗത്യം കൃത്യമായി അടയാളപ്പെടുത്തിയ അഞ്ചുനാളുകള്‍ക്കാണ് ഇന്നലെ കൊടിയിറങ്ങിയത്…
Discussion about this post