തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസം രാഷ്ട്രീയ ഇടപെടലുകൾക്ക് അതീതം ആകണം, അതിൽ രാഷ്ട്രീയ നിയന്ത്രണം കൊണ്ട് വരുന്നത് ഉന്നത വിദ്യാഭ്യാസത്തെ തകർച്ചയിലേക്ക് നയിക്കും. കേരളത്തിലെ സർവകലാശാലകളെ ഭരിക്കുന്ന പാർട്ടിയുടെ നിയന്ത്രണത്തിലാക്കാനള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണ് സർവകലാശാലാ നിയമ ഭേദഗതി ബിൽ. ഈ ബിൽ നിയമമാക്കിയാൽ സർവകലാശാലകളുടെ അക്കാദമിക – സാമ്പത്തിക കാര്യങ്ങളിൽ അദ്ധ്യാപക – വിദ്യാർത്ഥി സമൂഹത്തിനുള്ള അധികാരങ്ങൾ ഇല്ലാതാകുകയും തൽസ്ഥാനത്ത് ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നിയന്ത്രണം സാധ്യമാകുകയും ചെയ്യും. മന്ത്രിസഭയോ അവർ നിർദ്ദേശിക്കുന്നവരോ മാത്രം നിയന്ത്രിക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലേക്ക് നമ്മുടെ സർവകലാശാലകൾ ഇതോടെ അധഃപതിക്കും. മാത്രമല്ല, ഈ നിയമങ്ങളുടെ ചുവടുപിടിച്ചു നിലവിൽ വരുന്ന സ്വകാര്യ സർവ്വകലാശാലകൾ ക്രമേണ ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന നയ സമീപനങ്ങളിൽ ചെന്നെത്തും.അതുകൊണ്ടുതന്നെ ചങ്ങാത്തമുതലാളിത്വത്തിനു എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന, ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന ഈ സർവകലാശാലാ നിയമഭേദഗതി എതിർക്കപ്പെടേണ്ടതാണ്.കേരളത്തിലെ പ്രതിപക്ഷ വിദ്യാർത്ഥി/അദ്ധ്യാപക സംഘടനകളോട് സർക്കാർ സ്വീകരിക്കുന്ന ഉത്തരവാദിത്വ രഹിതമായ നിലപാടിന്റെ നേർകാഴ്ചയാണ് ഈ നിയമ ഭേദഗതിയെ വേണ്ടത്ര ചർച്ചകളില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുന്നതിലൂടെ സർക്കാർ പ്രകടിപ്പിക്കുന്നത്. ജനാധിപത്യത്തെ തിരസ്‌ക്കരിച്ചുകൊണ്ട് തങ്ങളുടെ അധികാരം ഊട്ടി ഉറപ്പിക്കാനും ഏകപക്ഷീയ നയങ്ങൾ നടപ്പിലാക്കാനുമാണ് അത്യന്തികമായി സർക്കാർ പരിശ്രമിക്കുന്നതെന്ന് വ്യക്തം. അതുകൊണ്ടുതന്നെ, കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർക്കുന്ന ഈ ബില്ലിനെ നിയമമാക്കുന്നതിനുമുൻപ് ബില്ലിനെ ക്കുറിച്ചുള്ള പൊതുജന അഭിപ്രായം ചാൻസലർ തേടണം എന്നും, അവരുടെ അഭിപ്രായം കൂടി കണക്കിൽ എടുത്തെ മുന്നോട്ടു പോകണമെന്നുമാണ് സംഘടന ആവശ്യപ്പെടു ന്നത്.ഭരണഘടനാപരമായി ഉന്നത വിദ്യാഭ്യാസമേഖലയിൽ നിയമം കൊണ്ടുവരാൻ യുജിസി ക്ക് അധികാരം ഉള്ളപ്പോഴും യു ജി സി നിയമം, വൈസ് ചാൻസലർ മ്മാരെ നിയമിക്കാനുള്ള അധികാരം ചാൻസലർ ക്ക് അനുകൂലം ആകും എന്നതിനാൽ അതിനെ മറി കടക്കാൻ എളുപ്പവഴി ആയി ആണ് ഈ ബില്ലിനെ സർക്കാർ കാണുന്നത്. പൊതുജനതിനും, അതിൽ ഉപരി വിദ്യാർത്ഥി സമൂഹത്തിനും നന്മ ഉണ്ടാകുന്ന ഒരു കാര്യവും ബില്ലിൽ ഇല്ല, അധികാര കൊതി മൂത്ത് ഉണ്ടാക്കിയ ഈ നിയമ ഭേദഗതി, ജനായത്ത രീതിയിൽ ഭരിക്കേണ്ട സർക്കാർ തന്നെ അട്ടിമറിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് ആക്കം കൂട്ടും. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾ കാണിക്കുന്നത് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നത് വർദ്ധിക്കുന്നുവെന്ന വസ്തുതയാണ്. രാഷ്ട്രീയ അതിപ്രസരം കേരളത്തിലെ ക്യാംപസുകളെ തകർക്കുമ്പോൾ അതിനു വളം വച്ച് കൊടുക്കാൻ രാഷ്ട്രീയ പാർട്ടികൾ നിയമങ്ങൾ കൊണ്ട് വരുന്നത്, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അവശജനാവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഒരു വലിയ ജനവിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും അവരെ ഉന്നതവിദ്യാഭ്യാസത്തിനു പുറത്താക്കുകയും ചെയ്യും. അടിസ്ഥാനപരമായി, വൈസ് ചാൻസലർക്ക് മുകളിൽ പ്രോചാൻസലർ എന്ന നിലക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ക്ക് ഇടപെടാൻ അവസരം നൽകുന്നത്, സർവ്വകലാശാലകളുടെ ഭരണം അക്കാഡമിക സമൂഹത്തിൽ നിന്നും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയപാർട്ടികളുടെ നോമിനികളിലേക്കും എത്തിച്ചേരുന്ന സ്ഥിതിയുണ്ടാക്കും. അക്കാഡമിക സമൂഹത്തിന്റെ സാധ്യതകളും പരിമിതികളും ചുവപ്പുനാടകളിൽ കുരുക്കിയിടുന്ന ഈ നിയമം നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തെ ഇല്ലാതാക്കുമെന്നു സംശയമില്ല. ഈയൊരു അവസ്ഥ സംജാതമായാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ മൂല്യച്യുതി ഉറപ്പിക്കപ്പെടുമെന്നത് നിസ്തർക്കമായ വസ്തുതയാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിനെതിരായി ഗവർണർക്ക് നമ്മുടെ ഇടതു – വലത് സംഘടനകൾ പരാതി നൽകാത്തത് അവർക്കിടയിലുള്ള പോലും അഡ്ജസ്റ്‌മെൻ്റ് രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ, ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി രാജ്യ താല്പര്യവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തി പിടിക്കുന്ന തരത്തിലും യുജിസി വിഭാവനം ചെയ്യുന്ന രീതിയിലുമുള്ള വിദ്യാഭ്യാസ നയമാണ് വേണ്ടത്. അതല്ലാത്തപക്ഷം അതിവിദൂരമല്ലാതെതന്നെ കേരളത്തിലെ വിദ്യാർത്ഥികൾ ദേശീയ തലത്തിൽ ഒറ്റപ്പെടുന്ന അതിദാരുണമായ സാഹചര്യം രൂപപ്പെടും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ദേശീയനിലവാരത്തിലെത്തിക്കാനുമായി പുതിയ വിദ്യാഭ്യാസ ബില്ലിനെ ഉന്നതവിദ്യാഭ്യസ അദ്ധ്യാപക സംഘം എതിർക്കുന്നു.ഒപ്പം, ഈ വിയോജിപ്പ് ചാൻസിലർ കൂടിയായ ബഹു. ഗവർണർക്ക് മുൻപിൽ അവതരിപ്പിക്കുന്നതാണെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് ഉറപ്പുനൽകുന്നു.
Discussion about this post