കൊച്ചി: ഭാരതത്തിലെ മേജര്‍ തുറമുഖങ്ങളില്‍ ഒരു ലക്ഷത്തോളം സ്ഥിരം ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപത്തയ്യായിരമായി ചുരുങ്ങിയിരിക്കുകയാണെന്ന് ബിഎംഎസ് ദേശീയ സമിതിയംഗം കെ.കെ. വിജയകുമാര്‍.
ബിസിനസ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിരം തസ്തികളിലേക്ക് ഉടന്‍ നിയമനം നടത്തണം. തുറമുഖത്ത് ജോലി ചെയുന്ന മുഴുവന്‍ കരാര്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഭാരതീയ പോര്‍ട്ട് ആന്‍ഡ് ഡോക്ക് മസ്ദൂര്‍ മഹാസംഘിന്റെ ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുറമുഖ തൊഴിലാളികളും മാനേജ്മെന്റും കേന്ദ്രസര്‍ക്കാരും ഒത്തൊരുമയോടു കൂടി തുറമുഖവികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച് അതിലൂടെ രാജ്യപുരോഗതിക്കു വേണ്ടി പ്രയത്നിക്കണമെന്ന് കൊച്ചി തുറമുഖ അതോറിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ സതീഷ് ഹൊന്നക്കാട്ടെ പറഞ്ഞു. രണ്ടു ദിവസത്തെ യോഗത്തില്‍ ഭാരതീയ പോര്‍ട്ട് ആന്‍ഡ് ഡോക്ക് മസ്ദൂര്‍ മഹാസംഘ് ദേശിയ പ്രസിഡന്റ് ശ്രീകാന്ത്റോയ് അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് കെ. പട്ടീല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫെഡറേഷന്‍ പ്രഭാരി ചന്ദ്രകാന്ത് ധുമല്‍ (പൂനെ), സഹപ്രഭാരി വി.എം. ചൗഡ (ഗുജറാത്ത്), ദേശീയ ഫിനാന്‍സ് സെക്രട്ടറി സുധിര്‍ ഘാരാട്ട് (മുംബൈ), സെക്രട്ടറി കെ.കെ. വിജയന്‍ (കൊച്ചി), വൈസ് പ്രസിഡന്റ് ഗോപി പട്നായിക് (വിശാഖപട്ടണം), ജോ. സെക്രട്ടറി വിഘ്നേഷ് നായിക് (മംഗലാപുരം), കൊച്ചി പോര്‍ട്ട് എംപ്ലോയീസ് സംഘ് വര്‍ക്കിങ് പ്രസിഡന്റും ബിഎംഎസ് ജില്ലാ പ്രസിഡന്റുമായ സതീഷ് ആര്‍. പൈ, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്‍.എം. സലിം, ഭാരവാഹികളായ രാജലക്ഷ്മി, സി.ഡി. തങ്കച്ചന്‍, ആര്‍. പ്രമോദ്കുമാര്‍, പ്രജീവ് മഞ്ചങ്കോട്, സിബി റാഫേല്‍, കെ.പി. ഫ്രാന്‍സിസ്, ബിനു പി. രാമകൃഷ്ണന്‍, എസ്. വിനോദ്കുമാര്‍, ടി.ജെ. അനോജ് എന്നിവര്‍ സംസാരിച്ചു.
Discussion about this post