കൊച്ചി: ഭാരതാംബയുടെ ചിത്രം വേദിയിലുണ്ടെന്ന കാരണം പറഞ്ഞ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങ് അലങ്കോലപ്പെത്താന്‍ ശ്രമിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍വകലാശാല ചട്ടപ്രകാരം വൈസ് ചാന്‍സലര്‍ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. വിസിക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്നും എന്നാല്‍ അത്തരം നടപടി സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഒരു പരിപാടി ഹര്‍ജിക്കാരന്‍ ഈ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.
തിരുവനന്തപുരത്തെ സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അപമാനിച്ചതിന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് രജിസ്ട്രാര്‍ ഡോ. അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെയാണ് രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സെനറ്റ് ഹാളിലെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഒരു സ്ത്രീയുടെ ഫോട്ടോ വേദിയുടെ മധ്യഭാഗത്ത് പ്രധാനമായി സ്ഥാപിച്ചിരുന്നെന്നും പൂക്കളാല്‍ അലങ്കരിച്ചിരുന്നെന്നും അനില്‍കുമാര്‍ വാദിച്ച ഘട്ടത്തില്‍ കോടതി ഇടപെട്ടു. ചിത്രം ഒരു ഹിന്ദു ദേവതയുടേതാണെന്ന് തോന്നുന്നുവെന്നും വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ കണ്ടതായി അവകാശപ്പെടുന്ന മതചിഹ്നം എന്താണെന്ന് കോടതി ചോദിച്ചു. കേരളത്തില്‍ വര്‍ഗീയ കലാപത്തിന് കാരണമാകുന്ന, പത്മനാഭ സേവാസമിതി പ്രദര്‍ശിപ്പിച്ച പ്രകോപനപരമായ ഫോട്ടോ ഏതാണ്?’ ‘ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് നിങ്ങള്‍ വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്’, കോടതി അഭിപ്രായപ്പെട്ടു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈമാസം 25 ന് ശ്രീ പത്മനാഭ സേവാ സമിതി നടത്തിയ സെമിനാറില്‍ സംഘാടകര്‍ ഭാരതമാതാവിന്റെ ചിത്രം വേദിയില്‍ വച്ചതിനെത്തുടര്‍ന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ സെനറ്റ് ഹാള്‍ ഉപയോഗിക്കാനുള്ള മുന്‍കൂര്‍ അനുമതി റദ്ദാക്കിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചടങ്ങില്‍ ഗവര്‍ണര്‍ മുഖ്യാതിഥിയായിരുന്നു. പരിപാടി ആരംഭിച്ചതിനു ശേഷം ഗവര്‍ണര്‍ വേദിയിലിരിക്കുമ്പോഴാണ് റദ്ദാക്കല്‍ പ്രാബല്യത്തില്‍ വന്നതായി രജിസ്ട്രാര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ വിസി രജിസട്രാറോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ രജിസ്ട്രാറുടെ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതെത്തുടര്‍ന്നാണ് ഡോ. അനില്‍കുമാറിനെ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്.
വിവിധ രാഷ്‌ട്രീയ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും വേദിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ നിന്ന് അക്രമഭീഷണിയുണ്ടായിരുന്നെന്നും അനില്‍ കുമാര്‍ ഹര്‍ജിയില്‍ വാദിച്ചു. ചിത്രം നീക്കം ചെയ്യാന്‍ സംഘാടകരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ചടങ്ങുമായി മുന്നോട്ടുപോയി. സാഹചര്യം വഷളായതോടെ അനുമതി റദ്ദാക്കിയതായി സംഘാടകരെ അറിയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നെന്നും അനില്‍കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു.
Discussion about this post