കോഴിക്കോട്: കേരള സ്‌കൂള്‍ വിദ്യാഭ്യാസ കരിക്കുലം റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ സക്രിയമായും സജീവമായും നടന്ന് വരവേ കഴിഞ്ഞദിവസം നടന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ രഹസ്യമായി തങ്ങളുടെ രാഷ്‌ട്രീയതാല്‍പര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍.
കരിക്കുലം കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ ഏകപക്ഷീയമായി ഇതര രാഷ്‌ട്രീയ സംഘടനകളോട് കേരളത്തിലെ കുട്ടികളില്‍ വിദ്വേഷം വളര്‍ത്താനുതകുന്ന പാഠഭാഗങ്ങള്‍ ചേര്‍ത്തു. ഇലക്ടറല്‍ ബോണ്ട് വിധിയുടെ പശ്ചാത്തലങ്ങളും കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രം നടക്കുന്ന റിസോര്‍ട്ട് രാഷ്‌ട്രീയവുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ കരിക്കുലം കമ്മിറ്റിയിലുള്‍പ്പെടെ സബ് കമ്മിറ്റികളില്‍ പോലും ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് മാത്രമല്ല ഇത്തരം രാഷ്‌ട്രീയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
ഭരണഘടനാ പദവിയായ ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍ കുട്ടികള്‍ പഠിക്കട്ടെ. അടിയന്തരാവസ്ഥാ ഭീകരതയുടെ 50 ാം വാര്‍ഷിക വേളയില്‍ ഭരണഘടനയെ കൂടുതലറിയാനുള്ള സര്‍ക്കാര്‍ നീക്കത്തിനൊപ്പം നില്‍ക്കുന്നതിനോടൊപ്പം വിദ്യാഭ്യാസമന്ത്രിയുടെ കേവല രാഷ്‌ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി ഉള്‍പ്പെടുത്തിയ അപ്രധാനങ്ങളായ പാഠഭാഗങ്ങളോട് പൂര്‍ണ വിയോജിപ്പാണ് എന്‍ടിയുവിനുള്ളത്. ലോകത്തിന് തന്നെ മാതൃകയായ മഹത്തായ ഭാരതീയ ജനാധിപത്യ സംവിധാനമെന്ന തലക്കെട്ടില്‍ ഇത്തരം തരംതാണ രാഷ്‌ട്രീയ ഇടപെടലുകള്‍ പാഠപുസ്തകത്തില്‍ നടത്തിയത് പ്രതിഷേധാര്‍ഹമാണ്. അത്തരം പ്രവര്‍ത്തനങ്ങളെ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന കരിക്കുലം സ്റ്റീയറിങ് കമ്മിറ്റി മെമ്പര്‍ കൂടിയായ അനൂപ്കുമാര്‍ പ്രസ്താവിച്ചു.
Discussion about this post