തിരുവനന്തപുരം: ചില സംഘടനകള്‍ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് രാഷ്‌ട്രീയപ്രേരിതമായതിനാല്‍ തള്ളിക്കളയണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത് പറഞ്ഞു. പണിമുടക്ക് നടത്തുന്ന സംഘടനകള്‍ മിനിമം വേതനമായി ആവശ്യപ്പെടുന്നത് 26,000 രൂപയാണ്. സിപിഐയും സിപിഎമ്മും ഭരിക്കുന്ന കേരളത്തിലെ തൊഴിലാളികളുടെ സ്ഥിതിയെന്താണെന്ന് ഇവര്‍ വ്യക്തമാക്കണം. ഇടതുസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ മൗനം പാലിക്കുന്നവരെ തിരിച്ചറിയണമെന്നും അജിത് ആവശ്യപ്പെട്ടു.
ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കണം എന്നാണ് പണിമുടക്കുകാരുടെ മറ്റൊരാവശ്യം. 1999ല്‍ മുന്‍ കേന്ദ്ര മന്ത്രി രവീന്ദ്രവര്‍മ്മ കമ്മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച രണ്ടാം തൊഴില്‍ കമ്മിഷന്‍ 24 കേന്ദ്ര നിയമങ്ങളെ നാല് തൊഴില്‍ നിയമങ്ങളാക്കി ചുരുക്കണമെന്നും നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും ശുപാര്‍ശ നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം മോദി സര്‍ക്കാര്‍ നാല് ലേബര്‍ കോഡുകള്‍ ശുപാര്‍ശ ചെയ്തത്. ഇടതു തൊഴിലാളി നേതാവായ എളമരം കരീം അടക്കമുള്ള പാര്‍ലമെന്ററി (തൊഴില്‍ കാര്യ) സമിതി മുന്‍പാകെ ചര്‍ച്ച ചെയ്തശേഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് രാഷ്‌ട്രപതി ഒപ്പുവെച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയതുമാണ്. ശേഷിക്കുന്ന നടപടി ഏതു ദിവസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന പ്രഖ്യാപനം മാത്രമാണ്.
വേജ് കോഡ് നടപ്പിലാക്കുന്നതോടുകൂടി രാജ്യത്തെ സംഘടിത, അസംഘടിത മേഖല എന്ന വ്യത്യാസമില്ലാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേജസ് ഉറപ്പുനല്‍കുന്നു. തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സാമൂഹ്യ സുരക്ഷാ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന പണിമുടക്ക് തൊഴിലാളി സമൂഹം തള്ളിക്കളയണം.
ഇടതുട്രേഡ് യൂണിയന്‍ നിലപാടുകള്‍ സംയുക്ത ട്രേഡ് യൂണിയന്‍ ഐക്യത്തിന് വിഘാതമാണ്. നാളെ നടത്താന്‍ ഉദ്ദേശിക്കുന്ന പണിമുടക്കിലെ പ്രധാന ആവശ്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇടത് ട്രേഡ് യൂണിയനുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അജിത് പറഞ്ഞു.
ബിഎംഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ടി. രാഖേഷ്, കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയകുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post