മാവേലിക്കര: ചാര വനിതയായ ജ്യോതി മല്‍ഹോത്രയെ 75 ലക്ഷം രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. ടൂറിസം മന്ത്രിയായ മുഹമ്മദ് റിയാസിന്റെ വകുപ്പാണ് ചാര വനിതയെ സംസ്ഥാനത്ത് കൊണ്ടുവന്നത്.
സര്‍ക്കാര്‍ ചെയ്യുന്ന ഏത് കാര്യത്തിനേയും എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സാഹചര്യം സംശാസ്പദവും ദുരൂഹവുമാണ്. രാജ്യത്തിന്റെ അഖണ്ഡതയേയും സുരക്ഷയേയും അപകടത്തിലാക്കുന്ന വിഷയങ്ങളില്‍ ഇടതുപക്ഷവും വലതുപക്ഷവും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ ആണെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഭാരതത്തില്‍ രാജ്യസ്നേഹികളായ നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ഉള്ളപ്പോള്‍ അവരെ ഒഴിവാക്കി സംശയാസ്പദമായ സാഹചര്യമുള്ള ജ്യോതി മല്‍ഹോത്രയെ തന്നെ സംസ്ഥാന ടൂറിസം പദ്ധതികളുടെ പ്രമോഷനുവേണ്ടി റിയാസിന്റെ വകുപ്പ് വിളിച്ചു വരുത്തിയതിന്റെ സാഹചര്യവും അവര്‍ ഏതൊക്കെ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ചെയ്തതെന്നുമുള്ള വിഷയങ്ങള്‍ എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവരെപ്പറ്റിയോ ഇവരുടെ പശ്ചാത്തലത്തിനെപ്പറ്റിയോ അന്വേഷണം നടത്തിയതിനുശേഷമാണോ ഇവരെ വിനോദസഞ്ചാരത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍ ആക്കി സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post