തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് ഭരണകാലത്താണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ പറഞ്ഞു. കൊല്ലം ചന്ദനത്തോപ്പില്‍ ശമ്പളം ചോദിച്ച് സമരം ചെയ്ത പാവപ്പെട്ട രണ്ട് പേരെ ഇഎംഎസിന്റെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് 5-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957 മുതല്‍ കേരളം ഭരിച്ചത് കമ്യൂണിസ്റ്റും കോണ്‍ഗ്രസും ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് കമ്യൂണിസ്റ്റ്കാരാണ്.
പൊതുപണിമുടക്കില്‍ മുന്നോട്ടുവെച്ച ആവശ്യം ഏറ്റവും കുറഞ്ഞ മനിമം വേതനം 29,800 രൂപയാക്കണമെന്നാണ്. രണ്ടു ദിവസം മുമ്പ് കോട്ടയം മെഡി. കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. അവരുടെ ശമ്പളം പ്രതിദിനം 300 രൂപയാണ്. കേരളത്തില്‍ 35 ലക്ഷത്തിലധികം സ്ത്രീകള്‍ 300 രൂപയില്‍ താഴെ കൂലിക്ക് പണിയെടുക്കുന്നവരാണ്. തൊഴിലാളിവര്‍ഗ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു സ്ഥിതി നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ മിനിമം വേതനം 29,800 രൂപയാക്കണമെന്നും പറഞ്ഞ് ഇടതും കോണ്‍ഗ്രസും പണിമുടക്ക് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടിഡിഇഎസ് സംസ്ഥാന പ്രസിഡന്റ് കെ.പി. പരമേശ്വരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് രാഖേഷ്. ടി, ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി സി.ഐ. അജയകുമാര്‍, കെഎസ്ടി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍, ടിഡിഇഎസ് ഡെ. ജനറല്‍ സെക്രട്ടറി വെമ്പായം സനല്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശിവന്‍കുട്ടി നെയ്യാറ്റിന്‍കര, സംസ്ഥാന സെക്രട്ടറി സന്തോഷ്‌കുമാര്‍ കൊട്ടാരക്കര തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുരളീധരന്‍ സംസാരിച്ചു.
Discussion about this post