കൊച്ചി: വിദ്യാഭ്യാസ വികാസകേന്ദ്രം ഗുരു പൂര്‍ണിമയോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനം പരിപാടിയില്‍ എം.എ. കൃഷ്ണനേയും പ്രൊഫ. എം.കെ. സാനുവിനെയും ആദരിച്ചു. ആര്‍എസ്എസ് ദക്ഷിണ പ്രാന്തകാര്യാലയമായ മാധവ നിവാസില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ന്യാസ് ദേശീയ സംയോജകന്‍ എം. വിനോദ് പൊന്നാടയണിച്ച് സമാദരണപത്രം കൈമാറി. രാഷ്‌ട്രങ്ങള്‍ തമ്മില്‍ കലഹിക്കുന്ന സമകാലിക കാലഘട്ടത്തില്‍ ഭാരതം മുന്നോട്ട് വയ്‌ക്കുന്ന സമന്വയത്തിന്റെ സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് എം.എ. കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ ഭാഷ എക്കാലവും സ്‌നേഹത്തിന്റേതാണെന്നും ഗുരുപൂര്‍ണിമ സന്ദേശം നല്‍കി അദ്ദേഹം പറഞ്ഞു.
എറണാകുളം മൊണാസ്ട്രി റോഡിലൂള്ള പ്രൊഫ. എം.കെ. സാനുവിന്റെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഢന്‍ പൊന്നാടയണിച്ച് സമാദരണപത്രം കൈമാറി. ഗുരുശിഷ്യ ബന്ധം ദിവ്യമാണെന്നും മൗനത്തിലൂടെ പോലും ശിഷ്യനുമായി സംവദിക്കാന്‍ യഥാര്‍ത്ഥ ഗുരുവിന് സാധിക്കുമെന്നും പ്രൊഫ. സാനു അഭിപ്രായപ്പെട്ടു. ഗുരുവന്ദനം പരിപാടിയുടെ ആദരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ 25 മുതല്‍ 28 വരെ എറണാകുളത്ത് നടക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനം, ജ്ഞാനസഭ എന്നിവയോടനുബന്ധിച്ച് നടന്നുവരുന്ന ഗുരുവന്ദനം ചടങ്ങില്‍ ശ്രീനാരായണ വിദ്യാപീഠം പ്രിന്‍സിപ്പല്‍ രാഖി പ്രിന്‍സ്, അദ്ധ്യാപകരായ ഡോ. കെ.ടി. അമ്മാളു, നിഷ എന്നിവരെയും ആദരിച്ചു. വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ മനോജ് മോഹന്‍, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാര്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ബിജെപി സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാല്‍, അധ്യാപകന്‍ കെ.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post