തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. അമിത് ഷായെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ബിജെപി സജ്ജീകരിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന കാര്യാലയം മാരാര്‍ജി ഭവന്‍ നാളെ രാവിലെ 11നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഓഫീസിനു മുന്നില്‍ പാര്‍ട്ടി പതാക ഉയര്‍ത്തും, ചെമ്പകത്തൈ നടും. ശിലാഫലകം അനാച്ഛാദനം ചെയ്യും.
നാട മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു ജനസംഘം സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീനദയാല്‍ ഉപാധ്യായയുടെയും ചിത്രത്തിനു മുന്നില്‍ ദീപം തെളിയിക്കും. തുടര്‍ന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യും.
തൈക്കാട് അരിസ്‌റ്റോ ജങ്ഷന് സമീപം മുന്‍മന്ത്രി എസ്. കൃഷ്ണകുമാറിന്റെ കുടുംബ കൈവശമുണ്ടായിരുന്ന സ്ഥലവും വീടുമാണ് 1996-97ല്‍ ബിജെപി വിലയ്‌ക്കു വാങ്ങി സംസ്ഥാന കമ്മിറ്റി ഓഫീസാക്കിയത്. പഴയ നാലുകെട്ട് പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയുകയായിരുന്നു. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി എന്നിവയും അതിഥികള്‍ക്ക് താമസ സൗകര്യവും ജീവനക്കാര്‍ക്കു ഡോര്‍മെറ്ററികളുമടങ്ങിയതാണ് പുതിയ മാരാര്‍ജി ഭവന്‍. 2024 ഫെബ്രുവരി 12ന് കേരളീയ ശൈലിയിലുള്ള പുതിയ മന്ദിരത്തിന്റെ പാലുകാച്ചല്‍ നടത്തിയിരുന്നു.
Discussion about this post