കരുനാഗപ്പള്ളി: ശിഷ്യരുടെ മനസില്‍ ആത്മശക്തി ഉണര്‍ത്താനാണ് ഗുരു ശ്രമിക്കുന്നതെന്നും ആ ഗുരുവിന്റെ പാദത്തില്‍ ശിഷ്യന്‍ കൃതജ്ഞതാ പൂര്‍ണമായ ഹൃദയത്തെ സമര്‍പ്പിക്കുന്നതിന്റെ പ്രതീകമാണ് ഗുരുപൂര്‍ണിമയെന്നും മാതാ അമൃതാനന്ദമയി ദേവി. അമൃതപുരിയില്‍ നടന്ന ഗുരുപൂര്‍ണിമ ആഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
നൂറ്റമ്പത് സംന്യാസിനി ബ്രഹ്മചാരിണിമാരുടെ കാര്‍മികത്വത്തില്‍ നടന്ന മഹാഗണപതി, ഗുരു ഹോമത്തോടെയാണ് അമൃതപുരിയിലെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ഗുരു പാദപൂജ ചെയ്തു.
കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന ഡോ കെ.എസ്. രാധാകൃഷ്ണന്‍ അമൃത ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ലോയ്‌ക്ക് വേണ്ടി തയാറാക്കിയ ഭാരതീയ നിയമ വിജ്ഞാനീയം എന്ന പുസ്തകം അമ്മ പ്രകാശനം ചെയ്തു. തുടര്‍ന്ന് നൂറുകണക്കിന് സംഗീതജ്ഞരും വാദ്യകലാകാരന്മാരും അണിനിരന്ന നാദോപാസനയും മറ്റു കലാപരിപാടികളും നടന്നു.
Discussion about this post