തിരുവനന്തപുരം: കേരള ക്ഷേത്രസംരക്ഷണ സമിതി ഈ വര്‍ഷം വിപുലമായ പരിപാടികളോടെ രാമായണമാസം ആചരിക്കും. കര്‍ക്കടകം ഒന്നിന് കേരളത്തിലെ 3000 ക്ഷേത്രങ്ങളില്‍ രാമായണ സത്സംഗവും തുടര്‍ന്നുള്ള ഒരു മാസം അരലക്ഷം വീടുകളില്‍ രാമായണ പാരായണ വിചിന്തനവും നടത്തും.
കുട്ടികള്‍ക്കുള്‍പ്പെടെ പങ്കെടുക്കാവുന്ന രീതിയില്‍ എല്ലാ ജില്ലയിലും രാമായണത്തെ ആസ്പദമാക്കി പാരായണം, ഉപന്യാസം, ചിത്ര രചന, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും. ജില്ലകളില്‍ രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ എന്നുള്ള സന്ദേശത്തോടെ രഥയാത്രകള്‍ സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം, ലഹരിമുക്ത യുവത, ആരോഗ്യമുള്ള യുവതലമുറ, കുടുംബ ഭദ്രത, ദേശഭക്തി, സാമാജിക സമരസത എന്നിവ ഉയര്‍ത്തി പിടിച്ചുള്ള സെമിനാറുകള്‍ സംഘടിപ്പിക്കും. ശബരി മാതാ ഭോജനം, കൗസല്യ, സീത, ഊര്‍മ്മിള തുടങ്ങി രാമായണത്തിലെ അമൂല്യ സ്ത്രീ രത്‌നങ്ങളുടെ ജീവിതം സന്ദേശമാക്കി മാത്യസംഗമവും സംഘടിപ്പിക്കും.
ഈ വര്‍ഷത്തെ രാമായണമാസ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശാസ്തമംഗലം ഇടപഴനി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 13ന് വൈകുന്നേരം 4.30ന് ചിന്മയ മിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വഹിക്കും. സ്വാമി സുകുമാരാനന്ദ, സ്വാമി സുധീര്‍ ചൈതന്യ. മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു, വ്യവസായ പ്രമുഖ റാണി മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണനും അറിയിച്ചു.
Discussion about this post