കൊച്ചി: വിദ്യാഭ്യാസ വികാസ കേന്ദ്രം ഈ മാസം 25 മുതൽ 28 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിന്റെ സ്വാഗതസംഘ കാര്യാലയം എറണാകുളം ടി.ഡി റോഡിലെ ലക്ഷ്മിബായ്ടവറിൽ പ്രവർത്തനം ആരംഭിച്ചു. സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ
അഡ്വ. സംഗീത വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ. എം ശാലീന ഉദ്ഘാടനം നിർവഹിച്ചു.
ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് (വിദ്യാഭ്യാസ വികാസ കേന്ദ്രം), അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 27, 28 തീയതികളിൽ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടക്കുന്ന ജ്ഞാനസഭയിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തുടങ്ങിയവർ പങ്കെടുക്കും. ദേശീയതലത്തിലുള്ള 200 ഓളം സ്ഥാപനങ്ങളുടെ വിസിമാരും ഡയറക്ടർമാരും ജ്ഞാനസഭയിൽ സംബന്ധിക്കും. വികസിത ഭാരതത്തിനായി വിദ്യാഭ്യാസം എന്നതാണ് ചർച്ചാവിഷയം.
കാര്യാലയ ഉദ്ഘാടന വേളയിൽ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദ്, ആർഎസ്എസ് കൊച്ചി മഹാനഗർ സഹസംഘചാലക് ഡോ. എ. കൃഷ്ണമൂർത്തി, ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, സംസ്ഥാന അധ്യക്ഷൻ എൻ.സി. ഇന്ദുചൂഡൻ, സംസ്ഥാന സംയോജകൻ പ്രിയേഷ്‌കുമാർ എന്നിവർ സന്നിഹിതരായി.
Discussion about this post