കൊല്ലം: ജന്മഭൂമിയുടെ സുവര്‍ണജൂബിലിയാഘോഷത്തിന്റെ ഭാഗമായ ദ്വിദിന ടൂറിസം കോണ്‍ക്ലേവ് വഴി കൊല്ലത്തിന്റെ സാംസ്‌കാരികപൈതൃകം ലോകസമക്ഷത്തേക്ക് എത്തിച്ചേരുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റും ഉപാസന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനുമായ ഡോ.ജെ.ശ്രീകുമാര്‍.
കൊല്ലം പ്രസ് ക്ലബ് ഹാളില്‍ ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ലോഗോപ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം എന്നത് ടൂറിസത്തിന് അപാര സാധ്യതകളുള്ള ജില്ലയാണ്.കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ല് തന്നെ ടൂറിസത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ജന്മഭൂമിയുടെ സാമൂഹ്യപ്രതിബദ്ധത മാതൃകാപരമാണ്. വായനക്കാരുമായി അമ്പതുവര്‍ഷമായി ആത്മബന്ധം പുലര്‍ത്തുന്ന ജന്മഭൂമിയുടെ പരിശ്രമങ്ങള്‍ നാടിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍.നായര്‍ അധ്യക്ഷനായി. പ്രകൃതി ഏറ്റവുമധികം കനിഞ്ഞനുഗ്രഹിച്ച ജില്ലയാണ് കൊല്ലമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ അനന്ത സാധ്യതകളും ടൂറിസം മേഖലയെ വളര്‍ത്താന്‍ വേണ്ടിയുള്ള നിരവധി ഇടങ്ങളും ജില്ലയിലുണ്ട്. ഇവയുടെയെല്ലാം വ്യക്തമായ ചിത്രമാകും ജന്മഭൂമിയുടെ ടൂറിസം പരിപാടികളിലൂടെ അനാവരണം ചെയ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
പത്രം മുന്നോട്ടുവയ്‌ക്കുന്ന ചിന്തകളും ഉദ്യമങ്ങളും സമൂഹം ഏറ്റെടുക്കുന്നതാണ് ഇതുവരെ സംഘടിപ്പിച്ച സുവര്‍ണജൂബിലി പരിപാടികളിലൂടെ കണ്ടതെന്ന് ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു.
ആധ്യാത്മിക പ്രഭാഷകന്‍ എസ്. നാരായണസ്വാമി, ജന്മഭൂമി യൂണിറ്റ് മാനേജരും ആഘോഷ സമിതി ജനറല്‍ കണ്‍വീനറുമായ സി.കെ. ചന്ദ്രബാബു, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി. മുരളീധരന്‍, ന്യൂസ് എഡിറ്റര്‍ എം. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post