കൊച്ചി: കേരളീയ സമൂഹത്തിന്റെ സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യം പരിവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ടതാണെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നിലനിന്നിരുന്ന കുടി പള്ളിക്കൂടങ്ങളും ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന കാന്തല്ലൂര്‍ ശാലയും അദ്ധ്യാപനം ജീവിതധര്‍മ്മമായി സ്വീകരിച്ചിരുന്ന എഴുത്തച്ഛന്മാരും ഗണിതശാസ്ത്ര വിശാരദനായിരുന്ന സംഗമഗ്രാമ മാധവനും സമ്പന്നമായ കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുന്നു. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ അമൃതേശ്വരീ ഹാളില്‍ ജ്ഞാനസഭയോടനുബന്ധിച്ചുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്രോതസുകളെ എങ്ങനെ ബന്ധപ്പെടുത്താം എന്ന വിഷയത്തില്‍ നടന്ന പോളിസി ഡയലോഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ക്ഷണിക്കുവാന്‍ തക്ക ആര്‍ജ്ജവമുള്ള കേരളീയ സമൂഹത്തെ ഒരുക്കിയതില്‍ ശ്രീ ശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരു തുടങ്ങിയ ഒട്ടേറെ ദാര്‍ശനികന്മാരുടെ പങ്കുണ്ട്. ഇന്ന് ഇവരെ കുറിച്ചെല്ലാം നാം ഉറച്ചു പറയുന്നു. അതുമൊരു പരിവര്‍ത്തനമാണ്. മാതാപിതാക്കളുടെ പാരമ്പര്യസ്വത്ത് പണയം വച്ച് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന അവസ്ഥ ഇന്ന് നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്നു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ വളരെ സാമര്‍ത്ഥ്യവും നൈപുണ്യവുമുള്ളവരാണ്. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, മറ്റു ചിലരുടെ പ്രേരണയില്‍ രാഷ്ട്രീയ സ്ഥാനങ്ങള്‍ക്ക് വേണ്ടി ഒന്ന് പൂര്‍ണ്ണമാക്കാതെ വിവിധ ഡിഗ്രി കോഴ്‌സുകളില്‍ ചേര്‍ന്ന് സര്‍വലാശാലകളില്‍ തുടരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് സെക്രട്ടറി ജനറല്‍ ഡോ. പങ്കജ് മിത്തല്‍, ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള എഐസിടിഇയുടെ ചെയര്‍മാന്‍ പ്രൊഫ. ടി.ജി. സീതാറാം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരതീയജ്ഞാനപരമ്പര നാഷ്ണല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഗാണ്ടി എസ.് മൂര്‍ത്തി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാജു കെ.കെ, കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. എ. ബിജുകുമാര്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി .രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും പ്രിന്‍സിപ്പാള്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുത്തു.
Discussion about this post