കൊച്ചി: മൂല്യങ്ങളിലൂടെ വികാരവിചാരങ്ങളെ നിയന്ത്രിക്കാനാവുമെന്നും ആത്മീയ മൂല്യങ്ങള്‍ക്കൊണ്ട വിദ്യാഭ്യാസമാണ് വേണ്ടതെന്നും മാതാ അമൃതാനന്ദമയി ദേവി. ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേയ്ക്ക് സ്‌നേഹത്തിലൂടെ പരിവര്‍ത്തനം ഉണ്ടാക്കി വിശ്വശാന്തി കൈവരിക്കണം. അത് അറിവിന്റെ കണ്ണുകളിലൂടെയും കാരുണ്യത്തിന്റെ കൈകളിലൂടെയും ഉണ്ടാകുന്ന ധര്‍മ്മാധിഷ്ഠിതമായ മാറ്റമായിരിക്കണമെന്നും അമ്മ പറഞ്ഞു. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ജ്ഞാനസഭയില്‍ വീഡിയോ സന്ദേശത്തിലൂടെ നല്‍കിയ അനുഗ്രഹപ്രഭാഷണത്തിലാണ് വിദ്യാഭ്യാസത്തിലൂടെ സംഭവിക്കേണ്ടതായ സ്‌നേഹത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ച് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വൈസ്ചാന്‍സലര്‍മാരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്ക് അമ്മ മാര്‍ഗദര്‍ശനം നല്‍കിയത്.
നിര്‍മ്മിത ബുദ്ധിയുടെ ഇന്നത്തെ കാലഘട്ടത്തില്‍ ശരീരത്തെ വസ്തുക്കള്‍ അടിമയാക്കുന്നു. ഇത് സ്വാഭാവികമായും നമ്മിലുള്ള സര്‍ഗ്ഗശക്തിയും നൈപുണ്യങ്ങളെയും പ്രകടമാക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കും. മൂല്യങ്ങള്‍ ഉല്‍ക്കൊണ്ട് വികാരങ്ങളെ നിയന്ത്രിച്ചു നാം ജീവിക്കേണ്ടതായിട്ടുണ്ടെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു. സംസ്‌കാരത്തിലധിഷ്ഠിതമാകണം വിദ്യാഭ്യാസം. മണ്ണിനെ തൊട്ട് നമസ്‌കരിക്കുന്നതും പ്രകൃതിയെ വന്ദിക്കുന്നതും ആദരണീയരായ ഗുരുക്കന്മാരെ പൂജിക്കുന്നതും നമ്മുടെ സംസ്‌കാരം തന്നെയാണ്.
അദ്ധ്യാപകരിലൂടെയും കൂട്ടൂകാരിലൂടെയും സ്വന്തം അനുഭവങ്ങളിലൂടെയും നല്ല ജീവിത പാഠങ്ങള്‍ കൈവരിക്കുവാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിച്ചു കൊണ്ടിരിക്കണമെന്നും എല്ലാവരിലും ഈശ്വര ചൈതന്യമുണ്ടെന്ന് മനസ്സിലാക്കി സമദര്‍ശനമെന്നത് ജീവിതത്തിന്റെ ആദര്‍ശമാക്കി പ്രകൃതിയോടും സംസ്‌കൃതിയോടും ഇണങ്ങി പരസ്പരം ഭാവയന്ത: എന്ന കാഴ്ച്ചപ്പാടോടെ ജന്മദൗത്യം പൂര്‍ണമാക്കണമെന്നും അനുഗ്രഹ പ്രഭാഷണത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു.
Discussion about this post