കൊച്ചി: പുരാതനകാലം മുതല്‍ ലോകത്തിലെ ജ്ഞാനാന്വേഷികളുടെ ആശ്രയകേന്ദ്രമായിരുന്നു ഭാരതമെന്ന് മുന്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ജ്ഞാനസഭയുടെ സമാപനദിവസം നടന്ന ഉദ്ഘാടന സഭയില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ജ്ഞാനാമൃതം തേടി വിദ്യാര്‍ത്ഥികളും ദാര്‍ശനികരായ ആചര്യന്മാരുടെയും ഭാരതത്തിലേക്കാണ് ഒഴുകിയിരുന്നത്. തക്ഷശിലയും നളന്ദയും പോലുള്ള വിശ്വവിദ്യാലയങ്ങളിലേക്ക് ലോകത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രവാഹമായിരുന്നു. സംസ്‌കൃതി, ഭാഷ, വിദ്യ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട ബിന്ദുകളില്‍ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നതാണ് ഭാരതീയ വിദ്യാഭ്യാസം. പതഞ്ജലി, സുശ്രുതന്‍, ഭാസ്‌കരാചര്യര്‍, ചാണക്യന്‍ എന്നിങ്ങനെ ഒട്ടനവധി ആചാര്യന്മാരാല്‍ സമ്പന്നമായിരുന്നു ഭാരതീയ ജ്ഞാന പരമ്പരയെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ചിന്ത സംസ്‌കൃതിക്കും പ്രകൃതിക്കും അനുഗുണമായി പോകുന്നതിലൂടെ സമൂഹം പുരോഗതിയിലേക്കും പ്രതികൂലമായി പോകുമ്പോള്‍ വിനാശത്തിലേയ്ക്കും നയിക്കപ്പെടും. സ്വച്ഛ ഭാരതം, ഏകഭാരതം, ശ്രേഷ്ഠഭാരതം, ആത്മനിര്‍ഭര്‍ ഭാരതം എന്നിങ്ങനെയുള്ള ഇന്നത്തെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിച്ച് ഭാരതത്തെ വിശ്വഗുരുവാക്കി മാറ്റുക എന്ന ലക്ഷ്യമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനുള്ളതെന്നും രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി.ജഗത്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തില്‍ നടന്ന ജ്ഞാനസഭ ഭാരതത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്റെയും ശംഖൊലിയായി മാറുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അതുല്‍ കോത്താരി അഭിപ്രായപ്പെട്ടു.
Discussion about this post