കൊച്ചി: രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലക്കാകെ പുതിയ ദിശാബോധം പകര്‍ന്ന് ജ്ഞാനസഭക്ക് സമുജ്വല സമാപനം. അദ്വൈതവേദാന്തത്തിലൂടെ ലോകം കീഴടക്കിയ ജഗത്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മഭുമിയായ കേരളത്തില്‍ കഴിഞ്ഞ നാലുദിവസമായി നടന്ന ജ്ഞാന സഭ എല്ലാത്തലത്തിലും പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴക്കുന്നതായിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തിലും മാര്‍ഗദര്‍ശനത്തിലും സാന്നിദ്ധ്യത്തിലുമായിരുന്നു ജ്ഞാനസഭയെന്നത് സവിശേഷതയാണ്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിഭാരതത്തെ രൂപപ്പെടുത്താനുള്ള സമഗ്രമായ കര്‍മ്മപദ്ധതിക്കാണ് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ജ്ഞാനസഭ തുടക്കം കുറിച്ചത്. ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേയ്ക്ക് സ്‌നേഹത്തിന്റെ സന്ദേശം പടര്‍ന്ന് വിശ്വശാന്തി കൈവരിക്കണമെന്നും അത് അറിവിന്റെ കണ്ണുകളിലൂടെയും കാരുണ്യത്തിന്റെ കൈകളിലൂടെയും ഉണ്ടാകുന്ന ധര്‍മ്മാധിഷ്ഠിതമായ മാറ്റമായിരിക്കണമെന്നും മാതാ അമൃതാനന്ദമയി ദേവി ജ്ഞാനസഭയില്‍ വീഡിയോ സന്ദേശത്തിലൂടെ നല്‍കിയ അനുഗ്രഹഭാഷണത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസം കൊളോണിയലിസത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വ്യക്തമാക്കി. മെക്കാളെ മുന്നോട്ട് വച്ച കൊളോണിയല്‍ വിദ്യാഭ്യാസ രീതി ഇന്നത്തെ ഭാരതത്തിന് യോജിക്കുന്നതല്ല. യൂണിവേഴ്‌സിറ്റികള്‍ സമാജത്തിലേക്ക് ഇറങ്ങി ചെല്ലണമെന്നും സര്‍സംഘചാലക് പറഞ്ഞു.
ഭാരതത്തിലെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുള്ള ഇരുനൂറിലധികം വൈസ്ചാന്‍സലര്‍മാര്‍, ദല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂഡ്, ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാന്‍ സിങ് റാവത്ത്, ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഋഷികേശ് പട്ടേല്‍, പോണ്ടിച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം, ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഭാഗ്യേഷ് ജ, പ്രദീപ് വര്‍മ്മ എംപി, മുന്‍ എംപി വിനയ് സഹസ്ര ബുദ്ധേ, ദിനേശ് ശര്‍മ്മ എംപി തുടങ്ങി പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ആദ്യാവസാനം പരിപാടിയുടെ നേതൃത്വത്തിലുണ്ടായിരുന്നു. ഇതാദ്യമായി സംസ്ഥാനത്തെ അഞ്ചു വൈസ് ചാന്‍സലര്‍മാര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തത് മാറ്റത്തിന്റെ ദിശാസൂചകമായിട്ടാണ് വിലയിരുത്തുന്നത്. ഗവര്‍ണറും സര്‍വകലാശാലകളുടെ ചാന്‍സലറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും അമൃത ആശുപത്രയില്‍ നടന്ന ജ്ഞാനസഭയില്‍ സര്‍സംഘചാലകിനൊപ്പം പങ്കെടുത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ പ്രൊഫ. ടി.ജി. സീതാറാം, കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഭാരതീയ ജ്ഞാനപരമ്പര ദേശീയ സംയോജകന്‍ പ്രൊഫ. ഗാണ്ടി എസ്. മൂര്‍ത്തി എന്നിവരും വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തു.
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് അധ്യക്ഷ ഡോ. പങ്കജ് മിത്തല്‍, ദേശീയ സെക്രട്ടറി ഡോ. അതുല്‍ കോത്താരി, ദേശീയ സംയോജകന്‍ എ. വിനോദ്, പ്രചാര്‍ പ്രസാര്‍ പ്രമുഖ് അഥര്‍വശര്‍മ്മ, വിദ്യാഭ്യാസ വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍, മാധ്യമവിഭാഗം സംയോജകന്‍ കെ.ജി. ശ്രീകുമാര്‍ എന്നിവരായിരുന്നു ജ്ഞാനസഭക്ക് നേതൃത്വം നല്കിയത്.
Discussion about this post