തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിജി പഠിച്ചിറങ്ങുന്ന പഠിതാക്കള്‍ക്കും മറ്റു സര്‍വ്വകലാശാലകളിലെ പിജി സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്ന അതേ വെയിറ്റേജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നല്‍കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഇശ്വരപ്രസാദ് ആവശ്യപ്പെട്ടു.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തഴയുന്നത് വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന പ്രോഗ്രാമുകള്‍ക്ക് പരസ്പരം തുല്യ അംഗീകാരം ഉള്ളതാണ്. യുജിസി റെഗുലേഷന്‍സ് 2020 ന്റെ റെഗുലേഷന്‍ 22 പ്രകാരം റെഗുലര്‍ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പണ്‍ & ഡിസ്റ്റന്‍സ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. എന്നാല്‍ ഇത് പാലിക്കാതെ ചില യൂണിവേഴ്‌സിറ്റികള്‍ പഠിതാക്കളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ബിഎഡ് പോലുള്ള കോഴ്‌സുകള്‍ക്ക് പിജിക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും നിലവിലുള്ളപ്പോള്‍ സര്‍വകലാശാലകള്‍ ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നത് ശരിയല്ല.
ഏതെങ്കിലും തരത്തില്‍ ശ്രീനാരായണ യൂണിവേഴ്‌സിറ്റിയിലെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ സര്‍വകലാശാലകള്‍ തയ്യാറാക്കണം. മറ്റ് സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസത്തിന് തടയിട്ട് ശ്രീ നാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ച സര്‍ക്കാറിന് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അടിയന്തരമായി ഇടപെടാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം എന്നും ഈശ്വരപ്രസാദ് ആവശ്യപ്പെട്ടു.
Discussion about this post