പെരിന്തല്‍മണ്ണ: ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസത്തിനും കൂട്ടായ്മക്കും കാരണം സംഘത്തിന്റെ പ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാരക് എ. വിനോദ്. അങ്ങാടിപ്പുറം മാലാപറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മതമൗലികവാദികള്‍ കൊലപ്പെടുത്തിയ രാമസിംഹന്റെ എഴുപത്തെട്ടാമത് ബലിദാനദിനത്തില്‍ നടന്ന അനുസ്മരണത്തില്‍ മുഖ്യഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
1947ല്‍ രാമസിംഹന്റേയും അദ്ദേഹത്തോടൊപ്പം ക്രൂരമായി കൊലചെയ്യപ്പെട്ട മറ്റ് മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പോലും ഹിന്ദുസമൂഹത്തിന് കരുത്തുണ്ടായിരുന്നില്ല. എന്നാല്‍ നിരന്തരവും നിശ്ശബ്ദവുമായ പ്രവര്‍ത്തനം കൊണ്ട് ക്ഷേത്രഭൂമി വീണ്ടെടുത്ത് അവിടെ ഭവ്യമായ ക്ഷേത്രം പടുത്തുയര്‍ത്താനും രാമസിംഹന് ഉചിതമായ സ്മാരകം തീര്‍ക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
2002ല്‍ മാറാട് കലാപം നടന്നപ്പോള്‍ നമ്മുടെ സമൂഹത്തെ ഒരുമിച്ച് നിര്‍ത്താനും അതിക്രമം കാണിച്ച മുസ്ലിംങ്ങളെ ഒറ്റപ്പെടുത്തിയതും നമ്മള്‍ കണ്ടു. 1921ല്‍ മാനസികമായി തകര്‍ന്ന ഹൈന്ദവസമൂഹത്തിനിടയില്‍ നിന്തരമായി പ്രവര്‍ത്തിച്ച് വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ 42ല്‍ തുടങ്ങിയ സംഘപ്രവര്‍ത്തനത്തിന് സാധിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അന്നും ഇന്നും ഹിന്ദുസമൂഹത്തിനെതിരായി നിന്നു. സര്‍സംഘചാലകിനെ മാലേഗാവ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും കോണ്‍ഗ്രസ് ശ്രമിച്ചു. രാമസിംഹന്‍ വധത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ തയാറായത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ പി. രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് രാമസിംഹന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടന്നു. കെ.പി. വാസു, പി. വിജയന്‍ പാലൂര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post