കോഴിക്കോട്: അധ്യാപനത്തിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ സാഹിത്യ- സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പ്രൊഫ. എം.കെ. സാനു എന്ന് തപസ്യ കലാസാഹിത്യ വേദി അനുസ്മരിച്ചു. സ്വയം വിവാദങ്ങള്‍ സൃഷ്ടിക്കാതെയും, മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്കു പിന്നാലെ പോകാതെയും എഴുത്ത് തപസ്വയായി കൊണ്ടുനടന്ന ആളായിരുന്നു സാനു മാഷ്. ഇതിന്റെ ഫലമായി ആധികാരികവും ദാര്‍ശനിക ഗരിമയുള്ളതുമായ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. പുരോഗമനത്തിന്റെ പേരില്‍ ഭാരതീയ സംസ്‌കാരത്തെ തള്ളിപ്പറയാന്‍ ഒരിക്കലും തയ്യാറാവാത്ത എഴുത്തുകാരനായിരുന്നു സാനു മാഷ്. മഹാഭാരതവും രാമായണവും പോലുള്ള ഇതിഹാസങ്ങളുടെ മഹത്വം ഉള്‍ക്കൊള്ളുകയും, രാമായണ മാസാചരണത്തില്‍ പങ്കാളിയാവുകയും ചെയ്തു.
സാംസ്‌കാരിക നായകന്‍ എന്നതിന്റെ അര്‍ത്ഥതലങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും, മൂല്യബോധം മുറുകെപ്പിടിച്ച് നിലപാടുകള്‍ എടുക്കാനും കഴിഞ്ഞ അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു. ഗുരുദേവദര്‍ശനത്തിന്റെയും ആത്മീയതയുടെയും കരുത്തില്‍ നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യനായിരുന്നു. തപസ്വയുടെ വേദിയിലും സാനു മാഷ് പലതവണ വന്നിട്ടുണ്ട്. തപസ്വയുടെയും ബാലഗോകുലത്തിന്റെയും സ്ഥാപകനായ എം.എ.കൃഷ്ണനുമായി ആത്മബന്ധം തന്നെയാണ് സാനു മാഷിന് ഉണ്ടായിരുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ സ്‌നേഹത്തിന്റെ ശക്തിയിലും സൗന്ദര്യത്തിലും വിശ്വസിക്കുകയും, നന്മ നിറഞ്ഞ ഒരു ലോകം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുകയും ചെയ്ത ആചാര്യനെയാണ് സാനുമാഷിന്റെ വേര്‍പാടോടെ നഷ്ടമായിരിക്കുന്നതെന്ന് തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
Discussion about this post