കൊച്ചി: അടിയന്തരാവസ്ഥയെ സംബന്ധിച്ച് ഇന്ന് പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും യഥാര്‍ത്ഥ വസ്തുതകള്‍ യുവതലമുറയിലെത്തിക്കണമെന്നും മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച ‘ഇന്ത്യന്‍ ഭരണഘടനയുടെ ഇരുണ്ട ദിനങ്ങള്‍: അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍’ ദേശീയ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് കുപ്രചാരണം നടത്തുന്നവര്‍ക്ക് യഥാര്‍ത്ഥ അടിയന്തരാവസ്ഥയെക്കുറിച്ച് യാതൊരു അറിവും ഇല്ല. ഇന്നത്തെ തലമുറയില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണകളോ അറിവുകളോ എത്തിക്കാനായി പഴയ തലമുറ പരാജയപ്പെട്ടു. ഇന്നത്തെ പല കപട ആരോപണങ്ങളും ജനങ്ങള്‍ വിശ്വസിക്കാനും അതില്‍ ഊന്നി പ്രവര്‍ത്തിക്കാനും ഒരു പ്രധാന കാരണം ഈ അറിവില്ലായ്മയാണ്. ഒട്ടുമിക്ക മാധ്യമങ്ങളും അടിയന്തരാവസ്ഥയുടെ 50 ആണ്ട് ആഘോഷമാക്കിയെങ്കിലും കൃത്യമായ വസ്തുകള്‍ പറയാന്‍ തയാറായില്ല. അടുത്തിടെ ഇറങ്ങിയ അടിയന്തരാവസ്ഥയെ സംബന്ധിച്ച തന്റെ പുസ്തകങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതായും ഹിന്ദി പതിപ്പ് കൂടി ഇറക്കാനുള്ള ഒരുക്കത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്നത്തെ തലമുറയ്‌ക്ക് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരണങ്ങളും അതില്‍ പങ്കെടുത്ത വ്യക്തികളെ ആദരിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ശില്പശാല നടത്തിയ അഭിഭാഷക പരിഷത്തിനെ അദ്ദേഹം അഭിനന്ദിച്ചു.
എറണാകുളം ഗംഗോത്രി കല്യാണമണ്ഡപത്തില്‍ നടന്ന യോഗത്തില്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ അധ്യക്ഷന്‍ അഡ്വ. ഡോ. എം. രാജേന്ദ്ര കുമാര്‍, യൂണിറ്റ് പ്രസിഡന്റ്് അഡ്വ. എന്‍. അനില്‍കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. വിവേക് എ.വി. എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അഭിഭാഷകരായ നന്ദകുമാര മേനോന്‍, വി.പി. സീമന്തിനി, മുന്‍ അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍, കേരള ഹൈക്കോടതി ആദ്യ വനിത ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒ.എം. ശാലിന എന്നിവര്‍ പങ്കെടുത്തു.
ശില്പശാലയുടെ ഭാഗമായി ഒരുക്കിയ ചിത്ര പ്രദര്‍ശനം അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ശില്പശാലയില്‍ മുന്‍ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ സീനിയര്‍ അഭിഭാഷകന്‍ അശോക് മെഹ്ത അടിയന്തിരാവസ്ഥയുടെ തുടക്കം മുതല്‍ ഓരോ സംസ്ഥാനങ്ങളിലും ഉണ്ടായ വ്യതിചലനങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന സെഷനില്‍ 158 അടിയന്തരാവസ്ഥ പോരാളികള്‍ പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത കെ. രാമന്‍ പിള്ള അടിയന്തരാവസ്ഥയുടെ മറവില്‍ ഭരണകൂട ഭീകരതയുടെ ക്രൂരതകളെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രതീകാത്മകമായി 10 അടിയന്തരാവസ്ഥ പോരാളികള്‍ക്ക് വേദിയില്‍വച്ച് പ്രശസ്തി ഫലകം കൈമാറി.
Discussion about this post