പത്തനംതിട്ട: കേരളം നമ്പര്‍ വണ്‍ സംസ്ഥാനം എന്ന് മേനി നടിക്കുമ്പോഴും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. എന്‍ജിഒ സംഘിന്റെ 46-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്ത് മുന്നിലാണെന്ന് പറയുമ്പോഴും യുവജനങ്ങള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാനാണ് താത്പര്യം. ആരോഗ്യ മേഖലയിലും പ്രഖ്യാപനവും യാഥാര്‍ത്ഥ്യവും രണ്ടാണ്. ചികിത്സയ്‌ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നവരും നിരവധിയാണ്.
കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പലമേഖലയിലും തഴയപ്പെടുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരന് സാമ്പത്തിക സുരക്ഷ നല്കുന്നില്ല. മറ്റു പല സംസ്ഥാനങ്ങളും പെന്‍ഷന്‍ സമ്പ്രദായം പരിഷ്‌ക്കരിച്ചു നടപ്പാക്കുമ്പോഴും കേരളം അതിന് തയാറാകുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ 53 ശതമാനം ഡിഎ കുടിശികയില്ലാതെ ജീവനക്കാര്‍ക്ക് നല്കുമ്പോള്‍ സംസ്ഥാനത്ത് 18 ശതമാനം കുടിശികയാണ്. ശമ്പള പരിഷ്‌ക്കരണ നടപടികളും വൈകുന്നു. കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മാറി മാറി ഭരിക്കുമ്പോള്‍ അവരുടെ പിന്തുണയുള്ള സര്‍വീസ് സംഘടനകള്‍ തഴച്ചു വളരുന്നു. ഭരണകക്ഷി രാഷ്‌ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ച് 46 വര്‍ഷം ധാര്‍മികതയിലും ദേശീയ ബോധത്തിലും അടിയുറച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ എന്‍ജിഒ സംഘ് അഭിനന്ദനം അര്‍ഹിക്കുന്നു.
മറ്റു സംഘടനകള്‍ ജീവനക്കാരുടെ സംരക്ഷണത്തിനേക്കാളേറെ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. ഈ സാഹചര്യത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഭയമില്ലാതെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഭരണാധികാരികളോട് ഉറക്കെ പറയാന്‍ എന്‍ജിഒ സംഘിന് കഴിഞ്ഞു. ജീവനക്കാരുടെ ഉന്നമനത്തോടൊപ്പം രാഷ്‌ട്രീയത്തിന് അതീതമായി ദേശീയതയിലൂന്നിയ പ്രവര്‍ത്തനം എന്‍ജിഒ സംഘിനെ വ്യത്യസ്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍ അധ്യക്ഷനായി. സ്വാഗത സംഘം ചെയര്‍മാനും മുന്‍ ജില്ലാ കളക്ടറുമായ ടി.ടി. ആന്റണി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് സ്വാഗതവും സ്വാഗത സംഘം ജോ. കണ്‍വീനര്‍ എസ്. ഗിരീഷ് നന്ദിയും പറഞ്ഞു.
Discussion about this post