തിരുവനന്തപുരം: ആഗോളതലത്തില്‍ മതപരിവര്‍ത്തനങ്ങള്‍ വ്യാപകമെന്നും ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈന്ദവ സമൂഹം ഇല്ലാതാകുമെന്നും എസ്എന്‍ഡിപി യോഗം തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റും എസ്എന്‍ ട്രസ്റ്റ് അംഗവുമായ പ്രേംരാജ്. തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ഹിന്ദുക്കള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വ്യാപകമായി നടക്കുന്ന മതപരിവര്‍ത്തനത്തെ ശക്തമായി ചെറുത്ത് തോല്പിക്കണം. സ്വന്തം ധര്‍മത്തിലും ആചാരത്തിലും അനുഷ്ഠാനത്തിലും വിശ്വാസമുള്ളവരാക്കി വളര്‍ത്തുവാനുള്ള പദ്ധതികളാണ് സമൂഹത്തിന് ആവശ്യം. സ്വധര്‍മത്തെയും സംസ്‌കാരത്തെയും തള്ളി പറയാതിരിക്കാന്‍ ഹിന്ദു സമൂഹത്തെ പ്രാപ്തരാക്കണം. ആ ദൗത്യമാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കേണ്ടതെന്നും പ്രോം രാജ് പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള യുഗ ധര്‍മമാണ് വിഎച്ച്പി നടപ്പിലാക്കുന്നതെന്ന് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ഹിന്ദു സമൂഹത്തെ ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിലനിര്‍ത്തി പ്രതിരോധിക്കാനുള്ള ശക്തിയായി മാറ്റുവാന്‍ വിഎച്ച്പിയുടെ പ്രവര്‍ത്തനത്തിന് സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കൈമനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദ പറഞ്ഞു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷത വഹിച്ചു.
വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍, വൈസ് പ്രസിഡന്റുമാരായ പ്രസന്ന ബാഹുലേയന്‍, അഡ്വ. അനുരാഗ്, ജോയിന്റ് സെക്രട്ടറിമാരായ അബിനു സുരേഷ്, കെ.ആര്‍. ദിവാകരന്‍, എം.കെ. ദിവാകരന്‍, ട്രഷറര്‍ ശ്രീകുമാര്‍, സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ. ബാലന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി. സനല്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഡ്വ. അനില്‍ വിളയില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വി. ശ്രീകുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം നിരോധിച്ച് നിയമം പാസാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന് ശേഷം വൈകിട്ട് സ്ത്രീകളും യുവാക്കളും പങ്കെടുത്ത തിരംഗ യാത്രയും നടന്നു. പാപ്പനംകോട് ജംങ്ഷനില്‍ നിന്നാരംഭിച്ച യാത്രയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാനത്തെ 37 സംഘടനാ ജില്ലകളില്‍ നിന്നുള്ള 800 പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post