കോഴിക്കോട്: ‘മലയാളിയുടെ രാമായണകാലങ്ങള്‍’ എന്ന പേരില്‍ തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടന്ന സെമിനാറിനെതിരെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നടത്തിയ അക്രമാസക്തമായ പ്രതിഷേധം ഒരേസമയം ഭാരതത്തിന്റെ സംസ്‌കാരത്തിനും കേരളത്തിലെ അക്കാദമിക് സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്ന് തപസ്യ കലാസാഹിത്യവേദി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി ലോകോത്തര കാവ്യമെന്ന് ഭാരതത്തിനകത്തും പുറത്തും പ്രശംസിക്കപ്പെടുന്ന രാമായണത്തെയും, കോടിക്കണക്കിന് ജനത ആദര്‍ശ പുരുഷനായി കാണുന്ന ശ്രീരാമനെയും അപകീര്‍ത്തിപ്പെടുത്തുന്ന സംസ്‌കാര ഹീനമായ പ്രവൃത്തിയാണ് എസ്എഫ്ഐയില്‍ നിന്ന് ഉണ്ടായത്. ഈ ഇടതു ഫാസിസം ഭാരതീയ സംസ്‌കാരത്തെ സ്നേഹിക്കുന്ന മൂല്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല.
മലയാള സര്‍വകലാശാലയുടെ മുന്‍ വിസിയും മലയാളികളുടെ പ്രിയപ്പെട്ട കവിയുമായ കെ. ജയകുമാറും, കവിയും ഭാഷാ പണ്ഡിതനും പ്രമുഖ പരിഭാഷകനുമൊക്കെയായ ദേശമംഗലം രാമകൃഷ്ണനും മലയാള സര്‍വകലാശാല വിസി പ്രൊഫ. സി.ആര്‍. പ്രസാദും, പുതുതലമുറയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകനും ദല്‍ഹി സര്‍വകലാശാലയിലെ അസി. പ്രൊഫസറുമായ ഡോ. പി. ശിവപ്രസാദും പങ്കെടുത്ത സെമിനാറിനെതിരെയുള്ള എസ്എഫ്ഐയുടെ ആസൂത്രിത പ്രതിഷേധം അക്കാദമിക് സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്നതാണ്.
തിരൂര്‍ തുഞ്ചത്താചാര്യന്റെ ജന്മനാടാണ്. തുഞ്ചന്‍പറമ്പില്‍ ആ മഹാത്മാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കാത്ത മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിക്കുന്നത്. തുഞ്ചന്റെ പ്രതിമക്കുള്ള വിലക്ക് ആചാര്യന്റെ നവോത്ഥാന കൃതിയായ അധ്യാത്മരാമായണത്തിനും കൊണ്ടുവരിക എന്ന അജണ്ടയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധത്തിന് പിന്നിലുള്ളത്. അക്കാദമിക് സ്ഥാപനങ്ങളില്‍ മതവിഭാഗീയത അടിച്ചേല്‍പ്പിക്കുന്ന ജിഹാദി ശക്തികളുമായി ഇതിനുള്ള ബന്ധം തള്ളിക്കളയാനാവില്ല. റുബായിഷ് എന്ന അല്‍ഖ്വയ്ദ ഭീകരനെ കേരളത്തിലെ ഒരു സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ കവിയായി അവതരിപ്പിച്ചപ്പോള്‍ അതിനെ പിന്തുണയ്‌ക്കുകയാണല്ലോ എസ്എഫ്‌ഐ ചെയ്തത്.
ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്ലാമിക മതമൗലികവാദികള്‍ ദല്‍ഹിയിലെ സര്‍വ്വകലാശാലയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് മലയാള സര്‍വകലാശാലയിലെ എസ്എഫ്ഐയുടെ പ്രതിഷേധത്തിലും കാണാന്‍ കഴിയുന്നത്. കേരളത്തിന്റെ രാഷ്‌ട്രീയ രംഗത്തും സാംസ്‌കാരിക മേഖലയിലും രൂപപ്പെട്ടിരിക്കുന്ന ഈ ഇടതു-ജിഹാദി സഖ്യത്തെ തുറന്നുകാട്ടേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ ഭാവിയെ ഇരുളിലേക്ക് നയിക്കുന്ന ഈ ശക്തികളെ ചെറുക്കാന്‍ സംസ്‌കാരത്തെയും സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തയ്യാറാവണമെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post