തിരുവനന്തപുരം (ചേങ്കോട്ടുകോണം): ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി പൂജനീയ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു. പൂജനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ സമാധിയെ തുര്‍ന്ന് 2025 ആഗസ്റ്റ് 18ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം നെടുമങ്ങാട് താലൂക്കില്‍ വീരണകാവ് വില്ലേജില്‍ കാര്‍ത്തികപ്പറമ്പ് വീട്ടില്‍ പരേതനായ കെ.സുകുമാരന്‍ നായരുടെയും എന്‍.എസ്.ലളിതമ്മയുടെയും മകനായി 1961 ജൂണ്‍ 25ന് മഹര്‍ഷി ജനിച്ചത്.
എം.ജി കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. 1973 ല്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായി ആദ്യമായി കാണുന്നത്. 1975-ല്‍ ശ്രീരാമദാസ ആശ്രമത്തിലെത്തി.
1977 മുതല്‍ 1980 വരെ യൂണിവേഴ്‌സിറ്റി കോളേജ് പഠനകാലഘട്ടത്തില്‍ ജഗദ്ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്പയേഴ്‌സ് (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് ഇന്ത്യന്‍ റിലീജിയന്‍ ആന്‍ഡ് എപ്പിക് സ്റ്റഡീസ്) എന്ന സംഘടന രൂപീകരിച്ച് അതിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1985 മുതല്‍ വൈ.എം.എച്ച്.എ എന്ന സംഘടയുടെ ജനറല്‍ സെക്രട്ടറിയായി സംസ്ഥാന വ്യാപകമായ പ്രവര്‍ത്തനം കാഴ്ചവച്ചു. 1992 മുതല്‍ ശ്രീരാമദാസമിഷന്റെ ജനറല്‍ സെക്രട്ടറി. 1995 മുതല്‍ പുണ്യഭൂമിയുടെ സംസ്ഥാന ഓര്‍ഗനൈസറായി കേരളത്തിലുടനീളം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2001 – 2002 കാലഘട്ടത്തില്‍ പുണ്യഭൂമി അന്തര്‍ദ്ദേശീയ സനാതന ദിനപത്രത്തിന്റെ തൃശൂര്‍ എഡിഷന്‍ ചീഫ് ഓഫ് ഓപ്പറേഷന്‍സ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു.
2002-ല്‍ കര്‍ണാടകയില്‍ ശ്രീരാമദാസമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൈസൂറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2003 ആധ്യാത്മികസാധനയില്‍ പൂര്‍ണ്ണസമയം വിനിയോഗിച്ചുകൊണ്ട് ഭാരതമെമ്പാടും പര്യടനം നടത്തി. ജഗദ്ഗുരുവിന്റെ ആശയ സാക്ഷാത്കാരത്തിനായി കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ചുമതയേറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. 2006 നവംബറില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്കു ശേഷം സനാതന ധര്‍മ്മത്തിന്റെ സംരക്ഷണത്തിനും പ്രചരണത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി നടത്തി.
ഉജ്ജ്വല വാഗ്മിയായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി 2007 ല്‍ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2008 ല്‍ സമ്പൂര്‍ണ യോഗയുടെ എസ്എസ്എസ് സ്‌കൂളും 2010 ല്‍ ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള ശ്രീ ധര്‍മ്മശാസ്താഗിരി അയ്യപ്പ സ്വാമി ക്ഷേത്രം ഏറ്റെടുത്തു. ബെംഗളൂരുവില്‍ ശ്രീ വാല്‍മീകി വര്‍ണ്ണാശ്രമം (ബ്രഹ്മചാരികള്‍ക്കും വാനപ്രസ്ഥികള്‍ക്കും വേണ്ടി) സ്ഥാപിച്ചു. 2014-ല്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തനത് ആചാരമായ ‘പൊങ്കാല’ ആരംഭിച്ചത് മാതൃസംഘടനയുടെ ട്രസ്റ്റി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി മുംബൈ, രാമഗിരി, ട്രസ്റ്റി-ശ്രീരാമദാസ ട്രസ്റ്റ്, കൊല്ലൂര്‍, ഉഡുപ്പി ജില്ല. അഖില്‍ ഭാരതീയ സന്ത് സമിതിയുടെ ദേശീയ സെക്രട്ടറി, മന്വന്തര ന്യൂട്രാക്യുട്ടിക്കല്‍സിന്റെ സ്ഥാപകന്‍, സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍, യുഎസ്എ, ഭാരതം സ്ഥാപകന്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചു വരുന്നു.
ശ്രീരാമസന്ദേശം വിളംബരം ചെയ്തുകൊണ്ട് 2015 മുതല്‍ 2017 വരെ കര്‍ണാടയില്‍ സംസ്ഥാനവ്യാപകമായി ശ്രീരാമനവമി രഥയാത്ര സംഘടിപ്പിച്ചു. അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണത്തിനുള്ള അനുവാദം പരമോന്നത നീതിപീഠത്തില്‍ നിന്നും ലഭിക്കുക എന്ന സങ്കല്‍പ്പത്തില്‍ അദ്ദേഹം 2018 അയോധ്യ മുതല്‍ രാമേശ്വരത്തേക്കും 2019 ല്‍ രാമേശ്വരം മുതല്‍ അയോധ്യവരെ രാമരാജ്യ രഥയാത്ര നടത്തി. 14 മാസത്തെ രാമന്റെ വനവാസകാലഘട്ടമെന്ന സങ്കല്‍പ്പത്തില്‍ രഥയാത്ര അയോധ്യയിലെത്തി ശ്രീരാമപട്ടാഭിഷേകം നടത്തുകയും ചെയ്തു. നാല്‍പ്പത്തിയൊന്ന് ദിനങ്ങള്‍ക്കുള്ളില്‍ രാമരാജ്യ രഥയാത്രയുടെ സങ്കല്‍പ്പമനുസരിച്ച് തന്നെ അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള കോടതി ഉത്തരവ് പുറത്തുവന്നു. 2022-ല്‍ 60 ദിവസം നീണ്ടുനിന്ന ശ്രീരാമന്റെ ദിഗ്‌വിജയയാത്ര-അശ്വമേധം എന്ന വിശേഷണവുമായി അയോധ്യയില്‍ നിന്നും നേപ്പാളിലേക്കും തുടര്‍ന്ന് കാശ്മീരിലേക്കും അവിടെ നിന്നും കന്യാകുമാരി തുടര്‍ന്ന് ബംഗാളിലേക്കും കാശിയിലേക്കും മടങ്ങി അയോധ്യയിലേക്കും രാമരാജ്യ രഥയാത്ര നടത്തി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയ്‌ക്ക് വിശ്വഹിന്ദു പരിഷത്തിന്റെയും ഇതര സന്യാസി ശ്രേഷഠന്‍മാരുടെയും പരിപൂര്‍ണമായ സഹകരണം ലഭിച്ചിരുന്നു. യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രഥയാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. ഇന്ത്യയുടെ പേര് രേഖാമൂലം ഭാരതം എന്നാക്കുക, രാമായണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിവ രാമരാജ്യ രഥയാത്രാ സങ്കല്‍പ്പത്തില്‍ ഉള്‍പ്പെടുന്നു.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ സമാജത്തിനുവേണ്ടി മുന്നോട്ടുവച്ച എല്ലാ കര്‍മ്മപദ്ധതികളും നടപ്പിലാക്കുവാനായി ഐക്യത്തോടെ എല്ലാവരും മുന്നോട്ടുവരണമെന്ന് ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അഭ്യര്‍ത്ഥിച്ചു.
Discussion about this post