കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ 32-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് നടക്കും. സ്വദേശി ശാസ്ത്ര പ്രസ്ഥാനവുമായി ചേർന്ന് നവംബർ 6 മുതൽ 8 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘ട്രാൻസ്ഫോർമേറ്റീവ് സയൻസ് ആൻഡ് ടെക്നോളജി എഡ്യൂക്കേഷൻ – ഫോർ വികസിത് ഭാരത്’ എന്നതാണ് ഈ വർഷത്തെ വിഷയം.
കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. പഠിക്കാനും സംവദിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇതൊരു മികച്ച അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, രജിസ്ട്രാർ ഇൻ-ചാർജ് ഡോ. ആർ. ജയപ്രകാശ് വെബ്സൈറ്റും പുറത്തിറക്കി. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി www.ssckerala.com സന്ദർശിക്കാവുന്നതാണ്.
വിജ്ഞാൻ ഭാരതി ദേശീയ ജോയിന്റ് ഓർഗനൈസിംഗ് സെക്രട്ടറി പ്രവീൺ രാംദാസ്, സൗത്ത് ഇന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി അബ്ഗ രവീന്ദ്രനാഥ് ബാബു, സിപിസിആർഐ സീനിയർ സയന്റിസ്റ്റ് ഡോ. കെ. മുരളി ഗോപാൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു. സ്വദേശി ശാസ്ത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട സ്വാഗതവും സെക്രട്ടറി ഡോ. ജാസ്മിൻ എം. ഷാ നന്ദിയും പറഞ്ഞു.
പ്രമുഖ ശാസ്ത്രജ്ഞർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ ഈ സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ എന്നിവ നടക്കും. 16 ടെക്നിക്കൽ സെഷനുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. സി.വി. രാമൻ, പി. പരമേശ്വരൻ എന്നിവരുടെ അനുസ്മരണ പ്രഭാഷണങ്ങളും കോൺഗ്രസിന്റെ ഭാഗമായി നടക്കും.
സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ 30 വരെ സമയം ലഭിക്കും. ഓരോ സെഷനിലെയും മികച്ച പ്രബന്ധത്തിന് യുവ ശാസ്ത്ര പുരസ്കാരം നൽകും. മികച്ച ഓറൽ പ്രസന്റേഷനും പോസ്റ്റർ പ്രസന്റേഷനും പ്രത്യേക അവാർഡുകളും ഉണ്ടാകും.