ന്യൂദൽഹി : ദൽഹി സർവ്വകലാശാല വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് ആരംഭിച്ചു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഒടുവിൽ ആരംഭിച്ച ബസ് സർവ്വീസ് വ്യാഴാഴ്ച ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാണ് ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ ദൽഹി ഗതാഗത വകുപ്പ് മന്ത്രി ഡോ പങ്കജ് കുമാർ സിംഗ്, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ യോഗേഷ് സിംഗ്, എബിവിപി നേതൃത്വം നൽകുന്ന ദൽഹി സർവ്വകലാശാല യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാനു പ്രതാപ് സിംഗ്, ദൽഹി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് സ്ഥിരമായി ആരംഭിക്കണമെന്ന് കഴിഞ്ഞ കൂറേ നാളുകളായി എബിവിപി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി എബിവിപി നിരവധി പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി രേഖ ഗുപ്ത വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ഉത്തമ ഭരണാധികാരിയാണ് എന്ന് എബിവിപി അഭിപ്രായപ്പെട്ടു. എബിവിപി നേതൃത്വം നൽകുന്ന ദൽഹി സർവ്വകലാശാല യൂണിയൻ ഭാരവാഹികളും സംസ്ഥാനത്തെ മുതിർന്ന എബിവിപി പ്രവർത്തകരും യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു എന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
ബസ് സർവ്വീസ് ആരംഭിക്കുന്നതിനായി അഹോരാത്രം പ്രവർത്തിച്ച എബിവിപി നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയനെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എബിവിപി പ്രതിനിധികൾ മെട്രോ കൺസഷൻ അനുവദിക്കണമെന്ന് ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട് എന്നും അത് നടപ്പാക്കാൻ ഉള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട് എന്നും അവർ വ്യക്തമാക്കി.

ദൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ് എന്നും എബിവിപി നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയൻ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് നൽകിയ മറ്റൊരു സുപ്രധാന വാഗ്ദാനം കൂടി ഇന്ന് പൂർത്തിയാക്കി എന്നും യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാനു പ്രതാപ് സിംഗ് പറഞ്ഞു. ദൽഹി സർവ്വകലാശാല വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് യൂണിയന്റെ പേരിലും വിദ്യാർത്ഥികളുടെ പേരിലും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ദൽഹി സർവ്വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ദിനമാണ് എന്നും യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി കാലങ്ങളായി വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശത്തിന് ഉത്തമമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എന്ന് ദൽഹി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ പറഞ്ഞു. യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം സുഗമമാക്കും എന്നും അതോടൊപ്പം സുരക്ഷ ഉറപ്പാക്കും എന്നും കൂട്ടിച്ചേർത്തു.
ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത യ്‌ക്ക് ഈ അവസരത്തിൽ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു എന്നും അവർ പറഞ്ഞു. മെട്രോ കൺസഷൻ മുഖ്യമന്ത്രി ഉടൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post