കാലടി: ഭഗവദ്ഗീതയുടെ സമഭാവനാദര്‍ശനമാണ് ഭാരതത്തിന്റെ ദര്‍ശനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഗീതായനം ദേശീയ സെമിനാര്‍ കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകരാഷ്ട്രങ്ങള്‍ ഭൗതികവളര്‍ച്ചയെ മാത്രം ആസ്പദമാക്കി മുന്നേറുമ്പോള്‍ ലോകമെങ്ങും അശാന്തിയാണ് വളരുന്നത്. ഗീതയിലെ അര്‍ജ്ജുനനെപ്പോലെ ഇതികര്‍ത്തവ്യതാമൂഢമായി അശാന്തമായി ഇരിക്കുന്ന സമൂഹത്തെയാണ് ഇന്നെവിടെയും കാണുന്നത്. ഗീതയിലൂടെ ഭഗവാന്‍ അര്‍ജ്ജുനന് ഉപദേശിച്ച സമഗ്രമായ അദ്ധ്യാത്മവിദ്യയൊന്നു മാത്രമാണ് സമസ്ത ലോകത്തിന്റെയും സുസ്ഥിരവും സന്തുലിതവുമായ വികാസത്തിന് ഉപയോഗപ്രദമാകുന്നത്.ഭഗവദ്ഗീതയിലെ ഓരോ ശ്ലോകവും ആദ്ധ്യാത്മികവിദ്യയുടെ ഉപദേശങ്ങളാണ്. ഭാരത്തിനുള്ളതും മറ്റ് സമ്പന്നരാഷ്ട്രങ്ങള്‍ക്കില്ലാത്തതും ഇതേ ആദ്ധ്യാത്മികവിദ്യയാണ്. ‘ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്ജുന തിഷ്ഠതി’ എന്നു പഠിപ്പിക്കുന്ന ആദ്ധ്യാത്മികവിദ്യയ്ക്ക് ലോകമെങ്ങും പ്രചാരം സിദ്ധിക്കുന്ന കാലമായിരിക്കുന്നുവെന്നും കൃഷ്ണഗോപാല്‍ പറഞ്ഞു.
സെമിനാറില്‍ എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഗീതയ്ക്ക് അന്താരാഷ്ട്ര പ്രസക്തി ഏറി വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിച്ച കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ പോപ്പിന് സമര്‍പ്പിച്ചതും ഭഗവദ്ഗീതയായിരുന്നു. കാലത്തിനും രാഷ്ട്രീയത്തിനും അതീതമായി ഗീത ഭാരതത്തിന്റെ ആദ്ധ്യാത്മികതയുടെ പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖപ്രഭാഷണം നടത്തി. ലോകം ഭാരതത്തിന്റെ തത്ത്വശാസ്ത്രത്തെ സ്വീകരിക്കുന്ന കാലമുണ്ടാകുമെന്നും അതിലേക്കുള്ള ഉണര്‍വ്വാണ് ഗീതാപ്രചാരണ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2026 ല്‍ തിരുവന്തപുരത്ത് വെച്ച് അന്താരാഷ്ട്ര ഗീതാ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം ആചാര്യന്‍ സ്വാമി ബ്രഹ്‌മപരാനന്ദ സംസാരിച്ചു. ത്യാഗം പഠിപ്പിക്കുന്ന പുസ്തകമാണ് ഗീതയെന്നും വരാന്‍ പോകുന്ന യുഗത്തിന് ആശയങ്ങളുടെ ഒടുങ്ങാത്ത കലവറയായ ഗീത വഴികാട്ടിയായിരിക്കണമെന്ന് സ്വാമി പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം പൊതു കാര്യദര്‍ശി. കെ.സി.സുധീര്‍ബാബു സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ. അര്‍ച്ചന ശ്രീനിവാസ് നന്ദിയും പറഞ്ഞു.ഭഗവദ്ഗീതാദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം പി. പരമേശ്വര്‍ജി നേതൃത്വം നല്‍കി ഭഗവദ്ഗീതാ സ്വാദ്ധ്യായസമിതിയുടെ ആഭിമുഖ്യത്തില്‍ 2000 ല്‍ തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ഗീതാ സെമിനാറിന്റെ 25-ാം വാര്‍ഷികമായ രജതജയന്തി ആഘോഷങ്ങള്‍ക്കാണ് ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയില്‍ വര്‍ണ്ണാഭമായ തുടക്കമായത്. ഇതോടെ 2026 ഡിസംബര്‍ വരെ സംസ്ഥാനവ്യാപകമായി നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് അദ്വൈതഭൂമിയില്‍ ആരംഭം കുറിച്ചു.
Discussion about this post